
ന്യൂഡല്‍ഹി: മുത്തലാഖ് വിധി വന്നതിനുശേഷം തന്റെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായെന്ന് സുപ്രീം കോടതിയില്‍ മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയ ഇസ്രത് ജഹാന്‍. ഹൗറയിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ പില്‍ഖാനയിലാണ് ഇസ്രത് കഴിയുന്നത്. ഇവിടെ നിന്നും നാടുവിട്ടുപോകാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ട്. താനിപ്പോള്‍ സാമൂഹ്യ ഭ്രഷ്ട് നേരിടുകയാണെന്നും ഇസ്രത് ജഹാന്‍ പറയുന്നു.
അയല്‍വീട്ടിലുള്ളവര്‍ക്ക് വസ്ത്രം തയച്ച് നല്‍കിയും എല്ലാമാസവും സഹോദരങ്ങള്‍ നല്‍കുന്ന 2000-3000 രൂപയും കൊണ്ടാണ് ഇതുവരെ കഴിഞ്ഞത്. എന്നാലിപ്പോള്‍ ആരും തന്റടുത്തേക്ക് വരുന്നില്ലെന്നാണ് ഇസ്രത് ജഹാന്‍ പറയുന്നത്. ‘ആരും എന്റടുത്തേക്ക് വരുന്നില്ല. ഞാന്‍ എങ്ങനെ കുടുംബം പുലര്‍ത്തും?’ അവര്‍ ചോദിക്കുന്നു.
ഇസ്രത്തിനൊപ്പം അവരുടെ നാലുമക്കളില്‍ രണ്ടുപേരുമുണ്ട്. മറ്റു രണ്ടുപേര്‍ മുന്‍ ഭര്‍ത്താവിനൊപ്പം ബീഹാറിലാണ് താമസിക്കുന്നത്. ഒരു ചെറിയ മുറിയും അതിനൊപ്പം തന്നെയുളള അടുക്കളയും അടങ്ങിയതാണ് ഇവര്‍ മൂന്നുപേര്‍ താമസിക്കുന്ന വീട്. ഈ വീട്ടില്‍ നിന്നും തന്നോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ പറയുന്നു. മക്കളെ രണ്ടുപേരെയും സ്‌കൂളില്‍ പറഞ്ഞയക്കണം. എങ്ങനെയാണ് ഫീസ് അടയ്ക്കുകയെന്നാണ് അവര്‍ ചോദിക്കുന്നത്.
‘വീട്ടില്‍ നിന്നും റോഡില്‍ ഇറങ്ങിയാല്‍ ആളുകള്‍ പിറുപിറുക്കാന്‍ തുടങ്ങും. ഞാന്‍ ഇവിടം വിട്ടുപോകണമെന്നാണ് അവര്‍ പറയുന്നത്. ചിലര്‍ എന്നെ സ്വഭാവഹത്യ നടത്തുന്നു. ചിലര്‍ ഞാന്‍ ശരീഅത്ത് നിയമം ലംഘിച്ചെന്നു പറയുന്നു.’ ഇസ്രത് പറയുന്നു.
Post Your Comments