തൊടുപുഴ: അണക്കെട്ടുകളിൽ 49% വെള്ളം മാത്രം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോളമായി. 49 ശതമാനം വെള്ളമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് കേരളത്തിലെ ഡാമുകളിലുള്ളത്. 2027.282 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉൽപാദിപ്പിക്കാം.
എന്നാൽ, കെഎസ്ഇബിയുടെ വാദം കഴിഞ്ഞ വർഷത്തേക്കാൾ പത്തു ശതമാനം വെള്ളമാണ് കുറവുള്ളതെന്നാണ്. 2252.311 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമായിരുന്നു കഴിഞ്ഞ വർഷം ഇതേ ദിവസം ഡാമുകളിലുണ്ടായിരുന്നത്. 2015 ൽ 2311.768 ദശലക്ഷം യൂണിറ്റും, 2014 ൽ 2909.665 ദശലക്ഷം യൂണിറ്റും, 2013 ൽ 3844.665 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം സംഭരണികളിൽ ഉണ്ടായിരുന്നു. ഗ്രൂപ്പ് ഒന്നിൽപ്പെട്ട സംസ്ഥാനത്തെ പ്രധാന വൈദ്യുതി പദ്ധതികളായ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നിവയുടെ സംഭരണികളിൽ 46 ശതമാനം വെള്ളമാണ് നിലവിലുള്ളത്.
73 ശതമാനം വെള്ളമാണ് ഗ്രൂപ്പ് രണ്ടിലെ കുറ്റ്യാടി, തരിയോട്, ആനയിറങ്കൽ, പൊൻമുടി ഡാമുകളിൽ ഉള്ളത്. ഗ്രൂപ്പ് മൂന്നിൽപ്പെട്ട ചെറുകിട പദ്ധതികളിലെല്ലാം പരമാവധി സംഭരണശേഷിയോടടുത്താണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ ഡാമുകളിൽ 98 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇടുക്കി അണക്കെട്ടിൽ ഇപ്പോഴുള്ളത് സംഭരണശേഷിയുടെ 42 ശതമാനമാണ്. ഡാമിലെ ജലനിരപ്പ് 2345.9 അടിയായി. ഇന്നലെ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 49.8 മില്ലിമീറ്റർ മഴ ലഭിച്ചു. 27.07 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴുകി എത്തി.
Post Your Comments