ന്യൂഡൽഹി: ഇനി ‘കയർ’ എക്സ്പ്രസിലും ‘പാത്തുമ്മയുടെ ആട്’ മെയിലിലും യാത്രയാകാം. ആലപ്പുഴ വഴി ‘കയർ’ എക്സ്പ്രസും ‘കോഴിക്കോട്ടേക്കു പാത്തുമ്മയുടെ ആട്’ മെയിലും വരുമെന്ന് സൂചന.
‘കയർ’ തകഴിയുടെ പ്രശസ്ത നോവലാണ്. ‘പാത്തുമ്മയുടെ ആട്’ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവലും. പ്രശസ്ത സാഹിത്യകൃതികളുടെ പേരുകൾ ട്രെയിനുകൾക്കു ഇടാനുള്ള നിർദേശം റെയിൽവേയുടെ പരിഗണനയിലാണ്. ഈ ആശയം കൊണ്ടുവന്നത് മന്ത്രി സുരേഷ് പ്രഭുവാണ്.
മാത്രമല്ല ബംഗാളിലേക്കു പോകുന്ന യാത്രക്കാർക്കു മഹാശ്വേതാ ദേവിയുടെ നോവലിന്റെ പേരുള്ള ട്രെയിനിൽ യാത്ര ചെയ്യാം. അങ്ങനെ ഓരോ സംസ്ഥാനത്തും ട്രെയിനുകൾ പ്രമുഖ സാഹിത്യ കൃതികളുടെ ഓർമകളുണർത്തി ഓടും. പേരിടലിനു മുന്നോടിയായി മികച്ച സാഹിത്യ കൃതികളുടെ പട്ടിക തയാറാക്കി വരുന്നുണ്ട്.
സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതികളുടെ പേരെടുപ്പു പൂർത്തിയായി. ഇപ്പോൾ തന്നെ പ്രമുഖ വ്യക്തികളുടെ പേരിൽ അറിയപ്പെടുന്ന ട്രെയിനുകൾ ഉണ്ട്. ഇവ കൂടാതെയാണ് സാഹിത്യ കൃതികളുടെ പേരിടാനുള്ള നീക്കം.
Post Your Comments