ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിനെ കോടതിയില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഗുര്‍മീതിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഹരിയാണ പോലീസിലെ അഞ്ചുപേരെ സര്‍വീസില്‍നിന്ന് പുറത്താക്കിയിട്ടുമുണ്ട്. ഇവരുള്‍പ്പെടെ ഏഴുപേര്ക്കുനേരേയാണ് രാജ്യദ്രോഹക്കുറ്റം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയത്.
ഇവരെ ഏഴുദിവസത്തെ പോലീസ് റിമാന്‍ഡില്‍ വിട്ടു. ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ച വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ രക്ഷിക്കാനുള്ള നാടകീയശ്രമങ്ങള് നടന്നത്. പഞ്ച്കുലയിലെ സി.ബി.ഐ. കോടതിയില്‍നിന്ന് ഗുര്‍മീതിനെ രക്ഷിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ കമാന്‍ഡോകള്‍ നടത്തിയ ശ്രമം ഹരിയാണ പോലീസ് പരാജയപ്പെടുത്തിയിരുന്നെന്ന് ഐ.ജി. കെ.കെ. റാവു നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഡി.സി.പി. സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നീക്കം പരാജയപ്പെടുത്തിയത്. ഗുര്‍മീതിനെ ഹെലികോപ്റ്ററിലാണ് റോഹ്തക്കിലെ സുനേരിയ ജയിലിലെത്തിച്ചത്.
Post Your Comments