ന്യൂഡല്‍ഹി: ഒറ്റദിവസം 9514 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പൂര്‍ത്തിയാക്കിയ 5606 റോഡുകളുടെ ഉദ്ഘാടനവും 3908 പദ്ധതികളുടെ തറക്കല്ലിടലുമാണ് ചടങ്ങില്‍ നടന്നത്.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ (പിഎംജിഎസ്വൈ) നിര്‍മ്മിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളുമാണ് മോദി ഉദ്ഘാടനം ചെയ്തത് . പദ്ധതികള്‍ക്കായി 27000 കോടിയിലധികം രൂപയാണ് ചിലവഴിക്കുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജിഎസ്ടി നടപ്പാക്കിയത് രാജ്യത്തെ ഗതാഗതച്ചെലവു കുറയ്ക്കാന്‍ ഇടയാക്കിയെന്ന് ഉദ്ഘാടനശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
873 കിലോമീറ്റര്‍ നീളമുള്ള ഈ പദ്ധതികളില്‍ ചമ്പാല്‍ നദിക്കു കുറുകെയുള്ള ആറുവരിപ്പാതയും ഉള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിഎംജിഎസ്വൈയുടെയും രാജസ്ഥാന് റോഡ് സെക്ടര്‍ മോഡേണൈസേഷന് പ്രോജക്ടിന്റെയും ഗ്രാമീണ ഗൗരവ് പാത്തിന്റെയും ഭാഗമായിട്ടാണ് റോഡുകള്‍ നിര്‍മ്മിക്കുന്നത്. 31 പദ്ധതികള്‍ ബിഒട്ടി മാതൃകയില്‍ ഉള്ളതാണ്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മവും കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ ജനാവലിയെ അഭിസംബോധന ചെയ്തു.
Post Your Comments