ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10 ന് തറക്കല്ലിടും. 970 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിർമ്മാണം 2022 ഒക്ടോബറോടെ പൂർത്തിയാക്കാനാണ് ആലോചനയുള്ളത്.
ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം 90 വർഷം പഴക്കം ചെന്നതാണ്. ഇതിനോട് ചേർന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി ഭൂമി പൂജയും നടത്തുന്നതാണ്. പുതിയ കെട്ടിടത്തിന്റെ ലോക്‌സഭ ചേംബറിൽ 888 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കുന്നതാണ്. പുതിയ മന്ദിരത്തിൽ രാജ്യസഭയിൽ 384 പേർക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ അംഗ സംഖ്യ ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ തീരുമാനം.
നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണ് നിലകൊള്ളുന്നത്. നിലവിലെ പാർലമെന്റ് കെട്ടിടം ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ചതാണ്. 1921 ഫെബ്രുവരി 12നാണ് ഇതിന്റെ തറക്കല്ലിട്ടത്. 83 ലക്ഷം രൂപ ചെലവിൽ ആറ് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കുകയുണ്ടായത്. 1927 ജനുവരി 18 ന് അന്നത്തെ ഗവർണർ ജനറൽ ലോർഡ് ഇർവിനാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായത്.
പുതിയ കെട്ടിടം ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡാണ് നിർമ്മിക്കുന്നത്. 861.90 കോടി രൂപയ്ക്കാണ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ ടാറ്റ നേടിയിരിക്കുന്നത്.
Post Your Comments