ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിജയത്തിളക്കത്തിൽ ഐഎസ്ആര്‍ഒ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ചന്ദ്രനിലേക്കുള്ള യാത്രയിലെ ചരിത്രപരമായ ചുവടുവെയ്പ്പാണ് ഇതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാവിലെ 8.30 നും 9.30നുമിടയിലാണ് ചാന്ദ്രയാന്‍ 2നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. 30 ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ജൂലൈ 22 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. വിക്ഷേപണം നടന്ന് കൃത്യം പതിനാറാം മിനിറ്റില്‍ പേടകം ജിഎസ്എല്‍വിയില്‍ നിന്നും വേര്‍പ്പെട്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുകയും സിഗ്നലുകള്‍ ലഭ്യമാകുകയും ചെയ്തിരുന്നു.
സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ ഗവേഷണം നടത്തും. അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് നേരത്തെ പര്യവേഷണത്തില്‍ വിജയിച്ചത്. ഐഎസ്ആര്‍ഒ ടെലിമെട്രിയുളള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്‌സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗരൂവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്കില്‍ നിന്നാണ് പേടകത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
Post Your Comments