കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗമേറുന്നു. ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ മാസം അവസാനത്തോടെ പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ടിനും അനുമതിയാകും.
ആയിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നരവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതി നിര്‍വഹണത്തിന് കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കും. പദ്ധതിയില്‍ പങ്കാളിയായ കെ.എസ്.ഇ.ബി. യെ കൂടി ഉള്‍പ്പെടുത്തിയായിരിക്കുമിത്.
സാങ്കേതിക വശങ്ങളില്‍ ധാരണയായെങ്കിലും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തത വരാനുണ്ടെന്ന് ഐ.ടി. വകുപ്പ് അധികൃതര്‍ പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ എന്നതുമാത്രമാകില്ല മാനദണ്ഡം. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും ശേഷിക്കുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ നിരക്കിലുമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഡിജിറ്റല്‍ പദ്ധതികളുടെ ഏകോപനം ലക്ഷ്യമിട്ടുള്ള കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിന്റെ (കെ-ഫോണ്‍) കീഴില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലൊന്നാണിത്. ഇന്റര്‍നെറ്റ് കേബിളിന് കടന്നുപോകാന്‍ വൈദ്യുതിശൃംഖലയ്ക്ക് സമാന്തരമായി ഒപ്ടിക് ഫൈബര്‍ പാത സൃഷ്ടിക്കും. വൈദ്യുതിവിതരണ ലൈനുകള്‍ക്കൊപ്പം മുകളിലൂടെയാണ് ഈ കേബിളുകളും കടന്നുപോകുക. കെ.എസ്.ഇ.ബി. ടവറുകള്‍ വഴി ഇത് സാധ്യമാക്കും.
സംസ്ഥാനത്തെ 380 കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകളിലാണ് ഈ കേബിളുകള്‍ എത്തിച്ചേരുക. അവിടെനിന്നും വൈദ്യുതി പോസ്റ്റുകള്‍ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കും. സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇത് നടപ്പാകുന്നതോടെ ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമായി മാറുന്ന സംസ്ഥാനമാകും കേരളം. പദ്ധതിച്ചെലവ് കിഫ്ബിയില്‍ നിന്നാണ് കണ്ടെത്തുക.
Post Your Comments