കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്‌ച സമസ്‌തമേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന ‘കേരളീയം 2023’ എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം.
വിവിധ മേഖലകളിൽ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തിനുള്ള മാർഗരേഖ തയാറാക്കാനുമുള്ള ലക്ഷ്യത്തോടെയാണു സെമിനാറുകൾ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്സിബിഷനുകൾ പത്തോളം പ്രദർശനങ്ങൾ വിവിധ വേദികളിലായി നടത്തും.
കലാ, സാംസ്‌കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഫ്ളവർ ഷോ , ഭക്ഷ്യമേള ,നഗരത്തെ ദീപാലംകൃതമാക്കിയും ചരിത്രസ്മാരകങ്ങളെ അലങ്കരിച്ചും വർണക്കാഴ്ച എന്നിവയും കേരളീയത്തിന്റെ ഭാഗമായി ഒരുക്കും. കേരള നിയമസഭാ മന്ദിരത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കും.
കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾ കേരളീയത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി കേരളീയം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് ഈ പരിപാടി വലിയ തോതിൽ ഗുണം ചെയ്യും. കേരളീയത്തിനു തുടർപതിപ്പുകൾ ഉണ്ടാകണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments