Latest NewsNewsIndia

അണ്ണാ ഡിഎംകെ: കൂറുമാറ്റം ആയുധമാക്കി എടപ്പാടി

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബലാബലം തുടരുന്നു. അണ്ണാ ഡിഎംകെ ദിനകരപക്ഷത്ത് ഒരു എംഎൽഎ കൂടി ഒപ്പം ചേർന്നതോടെ അംഗബലം 23 ആയി. ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം ആയുധമാക്കുകയാണ് ഔദ്യോഗിക വിഭാഗം. അണ്ണാഡിഎംകെ ചീഫ് വിപ്പ് രാജേന്ദ്രൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ 19 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ പി. ധനപാലിനു കത്തുനൽകി.

മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ ഗവർണറെ കാണാനിടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർ എംഎൽഎമാർക്കു നോട്ടിസും നൽകി. ഇന്നലെ ടി.ടി.വി. ദിനകരൻ ക്യാംപിലെത്തിയത് അരന്താങ്കി എംഎൽഎ രത്ന സഭാപതിയാണ്. മൂന്നു സ്വതന്ത്രർ കൂടിയാകുമ്പോൾ 23 പേരുടെ പിന്തുണ.

ദിനകരപക്ഷം നേതാവ് പുകഴേന്തി വിശ്വാസപ്രമേയം അവതരിപ്പിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. തിങ്കളാഴ്ച ഹർജി പരിഗണിച്ചേക്കും. പ്രശ്നത്തിൽ ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നതിന്റെ സൂചനനൽകി ദേശീയസെക്രട്ടറി എച്ച്. രാജ, പളനിസാമിയെയും ഉപമുഖ്യമന്ത്രി പനീർസെൽവത്തെയും കണ്ടു. എന്നാൽ, സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും മറ്റു ചർച്ചകളൊന്നുമുണ്ടായില്ലെന്നും രാജ പറഞ്ഞു. സർക്കാരിനെ മറിച്ചിടാനില്ലെന്നും മുഖ്യമന്ത്രി പളനിസാമി, പനീർസെൽവം, അഴിമതിക്കാരായ മന്ത്രിമാർ എന്നിവരെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും ദിനകരനൊപ്പമുള്ള പി. വെട്രിവേൽ എംഎൽഎ പറഞ്ഞു.

ശശികലയെ പാർട്ടി ജനറൽസെക്രട്ടറി പദത്തിൽ നിന്നു തിരക്കിട്ടു നീക്കേണ്ടെന്നാണ് ഇപ്പോൾ ഔദ്യോഗികവിഭാഗത്തിന്റെ നിലപാടെന്നും സൂചനയുണ്ട്. അതിനിടെ, ദിനകരപക്ഷം എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ള പുതുച്ചേരിയിലെ വിൻഡ് ഫ്ലവർ റിസോർട്ടിൽ പുതുച്ചേരി പൊലീസ് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button