തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്യശാലകളില്‍ വന്‍ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രത്യേക കമ്പനിയുടെ മദ്യം കൂടുതല്‍ വില്‍ക്കാന്‍ ജീവനക്കാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായാണ് ആരോപണം. ദിവസം 1,500 രൂപവരെ ഇത്തരത്തില്‍ കൈക്കൂലി ഇനത്തില്‍ നല്‍കുന്നതായാണ് സൂചന. കൈക്കൂലി നല്‍കി വില്‍പ്പന കൂട്ടാന്‍ ശ്രമിച്ചാല്‍ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നുകാട്ടി എല്ലാ മദ്യക്കമ്പനികള്‍ക്കും മാനേജിങ് ഡയറക്ടര്‍ എച്ച്.വെങ്കിടേഷ് കത്തയച്ചു.
ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കി കച്ചവടം കൂട്ടാന്‍ ശ്രമിച്ചാല്‍ കമ്പനിക്ക് പിന്നീട് വിലക്ക് ഏര്‍പ്പെടുത്തും. ജീവനക്കാര്‍ തെറ്റുകാരാണെന്നു കണ്ടെത്തിയാല്‍ അവര്‍ സര്‍വീസില്‍ തുടരില്ലെന്ന് വ്യക്തമാക്കി മറ്റൊരു സര്‍ക്കുലറും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ചില കമ്പനികള്‍ തന്നെയാണ് മറ്റു കമ്പനികള്‍ക്കെതിരെ ഇത്തരം ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്.
നൂറിലധികം കമ്പനികളുമായി മദ്യവിതരണത്തിന് കോര്‍പറേഷന് കരാറുണ്ട്. കച്ചവടം കൂട്ടാനായി മദ്യക്കമ്പനികള്‍ മത്സരം നടത്തുകയാണ്. ഉപയോക്താവ് ആവശ്യപ്പെടുന്ന ബ്രാന്‍ഡ് ഉണ്ടായിട്ടും അതു നല്‍കാതെ മറ്റൊരു ബ്രാന്‍ഡ് നല്‍കുന്നത് കര്‍ശനമായി വിലക്കി. ഒരു മദ്യത്തിന്റെയും ഉത്പന്നം കൂട്ടുന്ന രീതിയില്‍ ഉപഭോക്താവുമായി സംസാരിക്കരുത്. കുറ്റക്കാരാണെന്നു വ്യക്തമായാല്‍ പ്രസ്തുത ജീവനക്കാരെ പുറത്താക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Post Your Comments