ലക്‌നൗ: യുപിയിൽ 18കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. 18കാരിയെ തട്ടിക്കൊണ്ടുപോയി കൃഷിയിടത്തില്‍ വച്ച് പീഡിപ്പിച്ച രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കനാലിന് സമീപത്ത് അബോധാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
ബരാബങ്കിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വീട്ടില്‍ അച്ഛനും സഹോദരനും ഉള്ളപ്പോഴാണ് 18കാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് അച്ഛനും സഹോദരനും അറിഞ്ഞിരുന്നില്ല. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന മുതിര്‍ന്ന സഹോദരന്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ഫോണില്‍ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിയുകയുണ്ടായത്. ബന്ധുവിന്റെ ഫോണിലേക്കാണ് സഹോദരന്‍ വിളിച്ചതും. തുടര്‍ന്ന് 18കാരിക്ക് വിവരം കൈമാറാനായി ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതായി അറിയുന്നതും.
അതിനിടെ രണ്ടു ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുണ്ടായി. കനാലിന് സമീപം അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments