
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് പൂർണ പിന്തുണയറിയിച്ച് പാക്കിസ്ഥാൻ. അഫ്ഗാനിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് വ്യക്തമാക്കിയത്. പാക്കിസ്ഥാൻ, ഭീകരർക്ക് താവളമൊരുക്കുകയാണെന്നു പറഞ്ഞ ട്രംപ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഇത്തരം നടപടികളോട് അമേരിക്ക പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രംപിന്റെ പുത്തൻ അഫ്ഗാൻ നയം ഹെയ്ൽ, ഖ്വാജ മുഹമ്മദിനോട് വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് തങ്ങളുടെ നിലപാട് പാക് വിദേശകാര്യമന്ത്രിയും വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അഫ്ഗാൻ നയം പ്രഖ്യാപിക്കവേ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്. അഫ്ഗാനിലെ അമേരിക്കന്‍ നയത്തെ പിന്തുണച്ചാല്‍ പാകിസ്ഥാന് അത് നേട്ടമായിരിക്കുമെന്നും മറിച്ചാണെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നുമുള്ള കടുത്ത നിലപാടായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.
പാക്കിസ്ഥാനിലെ അമേരിക്കൻ അംബാസിഡർ ഡേവിഡ് ഹെയ്ൽ പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. അമേരിക്കക്കാരുടെ ജീവന് ഭീഷണിയായ നിരവധി തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്ഥാന് അഭയം നല്‍കിയിട്ടുണ്ടെന്നും തീവ്രാവാദത്തിനെതിരായ പോരാട്ടത്തില്‍ ശരിയായ നിലപാട് പാക്കിസ്ഥാൻ സ്വീകരിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാൻ ദൗത്യങ്ങൾക്ക് പാക് വിദേശകാര്യമന്ത്രാലയം പൂർണ പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
Post Your Comments