CinemaMollywoodLatest NewsMovie SongsEntertainmentMovie Gossips

നിവിന്‍ പോളിയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് സംവിധായകന്‍ ശ്യാമപ്രസാദിന്റെ മറുപടി

 
 
ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ലൊക്കേഷനില്‍ ചിത്രമെടുക്കുന്നത് നടന്‍ നിവിന്‍ പോളി വിലക്കിയെന്നു ആരോപിച്ചുകൊണ്ട് നാന വാരിക രംഗത്തെത്തിയിരുന്നു. മലയാള സിനിമയുടെ ശാപമെന്നും, ആപല്‍സൂചനയെന്നും വിശേഷിപ്പിച്ച് നിവിനെതിരെ ആക്രമണം നടത്തിയ നാനയ്ക്ക് സംവിധായകന്‍ ശ്യാമപ്രസാദിന്റെ മറുപടി. മീഡിയ കോര്‍ഡിനേറ്ററുടെ ക്ഷണപ്രകാരം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ നാനാ പ്രതിനിധികളോട് ചിത്രമെടുക്കരുതെന്ന് നിവിന്‍ പോളി പറഞ്ഞെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കിയിരിക്കുകയാണ് ശ്യാമപ്രസാദ്.
 
ശ്യാമപ്രസാദിന്റെ പോസ്റ്റ്‌
 
ഓണ്‍ലൈന്‍ സിനിമ വിവാദങ്ങള്‍ക്കും സ്‌കൂപ്പുകള്‍ക്കും അതര്‍ഹിക്കുന്ന അവഗണന കൊടുക്കുന്നതാണ് നല്ലത്. പക്ഷെ ഇവിടെ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ ഒരു കലാകാരനെ മാത്രം താറടിക്കാനുള്ള ശ്രമം കാണുന്നതു കൊണ്ട്, പ്രതികരിക്കാതെ വയ്യ എന്നത് കൊണ്ട് മാസങ്ങള്‍ക്ക് ശേഷം ഒരു ഫേസ്ബുക് അപ് ഡേറ്റ്.
 
ഹേയ് ജൂഡ് എന്ന സിനിമയുടെ സെറ്റില്‍ വന്നപ്പോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ സ്വന്തം ഫോട്ടോഗ്രാഫറെ കൊണ്ട് എടുപ്പിക്കാനായില്ല എന്നും, അതിന് നിവിന്‍ പോളി ആണ് കാരണക്കാരന്‍ എന്നും വിമര്‍ശിച്ചു കൊണ്ടുള്ള നാന റിപ്പോര്‍ട്ടറുടെ ലേഖനമാണ് ഈ കുറിപ്പിനാധാരം.
 
സിനിമയുടെ രൂപഭാവങ്ങള്‍ ആദ്യമായി പുറത്തു കാണുന്നത് നമ്മള്‍ ഉദ്ദേശിച്ചതു പോലെത്തന്നെ ആവണമെന്നു തീര്‍ചയായും ഞങ്ങള്‍ ആലോചിച്ചിരുന്നു. നിവിന് ആ ധാരണയാണുണ്ടായിരുന്നതെന്ന് വാസ്തവമാണ്. ആ വിധത്തില്‍ കൃത്യമായി തിരഞ്ഞെടുത്ത അഞ്ചോ ആറോ ചിത്രങ്ങള്‍ സിനിമയുടെ പി.ആര്‍.ഓ. വഴി മാധ്യമങ്ങള്‍ക്ക് എത്തിക്കുകയും ചെയ്തിരുന്നു. സെറ്റ് കവര്‍ ചെയ്യുന്നതില്‍ എനിക്ക് വിരോധം ഒന്നുമില്ലെന്നു പറഞ്ഞത് സത്യം തന്നെ, പക്ഷെ താരങ്ങളെ പ്രത്യേകം പോസ് ചെയ്ത് എക്‌സ്‌ക്ലൂസീവുകള്‍ എടുക്കുന്നത് അവരുടെ കൂടെ സമ്മതത്തോടെ തന്നെയാവണം, അത് ന്യായവുമാണ്. അത്തരം ചിത്രങ്ങള്‍, കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത് കൊണ്ട് എനിക്കും ഇത്തരം പോസ് പടങ്ങളോട് ഒരു താത്പര്യവുമില്ല. ഈ ധാരണകള്‍ വെച്ചു കൊണ്ടാവണം നിവിന്‍ വിസമ്മതിച്ചത്. പിന്നെ, ഷൂട്ടിങ്ങിന്റെ ടെന്‍ഷനില്‍ നിന്ന എനിക്ക് ഇക്കാര്യത്തില്‍ ‘മീഡിയ മാനേജ്‌മെന്റ്’ ചെയ്യാനുള്ള മനസ്സംയമനമൊന്നുമില്ല, അതെന്റെ ജോലിയുമല്ല.
 
ഒരു വാരിക, സെറ്റ് കവര്‍ ചെയ്യാന്‍ വരുന്നത് ആ സിനിമയെ അങ്ങോട്ട് സഹായിച്ചു കളയാം എന്ന ഔദാര്യം കൊണ്ട് മാത്രമല്ല, അവരുടെ സ്വന്തം വാണിജ്യ താല്‍പര്യം കൊണ്ടു കൂടിയാണെന്ന് ഞാന്‍ പറയാതെ മനസ്സിലാവുമല്ലോ. ചിലപ്പോഴൊക്കെ, വാണിജ്യപരമായ കാരണങ്ങളാല്‍ ഇത്തരം ഇടങ്ങളില്‍ ചില വിരുദ്ധ അഭിപ്രായങ്ങളും തടസ്സങ്ങളും ഉണ്ടാവും. അതു കൊണ്ട്, ‘തൊഴിലിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ജോലിയെടുപ്പിക്കുന്നില്ല” എന്ന പരിദേവനമൊക്കെ അതിശയോക്തിപരമാണെന്ന് പറയാതെ വയ്യ. എന്നിട്ട്, ഒരു വ്യക്തിയെ മാത്രം ലാക്കാക്കി, ”ആപത്സൂചന’ ശാപം’ എന്നൊക്കെ അമ്പുകള്‍ എയ്യുന്നതും, ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുമൊക്കെ പതിവ് മാധ്യമ വികൃതികള്‍ എന്നേ കരുതാനാവൂ, പ്രത്യേകിച്ച്, ‘ഇന്നത്തെ കാലത്തിന്റെ’ ഒരു സവിശേഷ അവസ്ഥ വെച്ച് ഈ കളി എളുപ്പം ചിലവാകും എന്ന ധാരണയും ചിലര്‍ക്കുണ്ടാകും. താരമൂല്യത്തേയും താരപ്രഭയേയും ഒക്കെ മുതലാക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും ഒക്കെ ഒപ്പം തന്നെയാണ് സിനിമാ വാരികകളും. അതു കൊണ്ട് ദിവ്യപരിവേഷമണിഞ്ഞു കൊണ്ട് ആരും സംസാരിക്കേണ്ട.
തമാശ അതല്ല, ഇത്തരുണത്തില്‍ ‘അപമാനിതരായി മടങ്ങിപ്പോയ” ലേഖക സംഘം അടുത്ത ആഴ്ച് തന്നെ കയ്യില്‍ കിട്ടിയ ‘ഹേയ് ജൂഡ്’ ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു കവര്‍ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോര്‍ട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാന്‍ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓണ്‍ലൈന്‍ ‘ധാര്‍മിക രോഷം’. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button