‘പ്രിയപ്പെട്ട സനാ, നീയും ഞാനും തമ്മില്‍ ഒരിക്കലും വേര്‍പിരിയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ എഴുത്തിന് നീ മറുപടി എഴുതേണ്ട. കാരണം ഞാന്‍ അപ്പോഴേക്കും വീട് മാറും… വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ് നദിയില്‍. ഇവിടെനിന്ന് പോയേ തീരൂ. പ്രകൃതി വീണ്ടും വീണ്ടും കൂടുതല്‍ അകലങ്ങളിലേക്ക് ഞങ്ങളെ അകറ്റുകയാണ്. എന്നെങ്കിലും നമുക്ക് വീണ്ടും അടുക്കാമെന്ന പ്രതീക്ഷയോടെ…’
ഈ കത്ത് മടക്കി സന അടുത്തത് തുറന്നപ്പോള്‍ കാണുന്നത് ‘എന്റെ ഈ രോഗാവസ്ഥ അറിഞ്ഞിട്ടും നിങ്ങള്‍ക്കെന്റെ സ്നേഹിതയാകാന്‍ കഴിയുമോ? എന്റെ ജീവിതം എപ്പോഴും അണഞ്ഞുപോകാം എന്ന തിരിച്ചറിവ് എന്നെപ്പോലെ സനയ്ക്കും ഉണ്ടല്ലോ. എന്നിട്ടും നീ എന്നെ എന്തിന് ഇങ്ങനെ സ്നേഹിക്കുന്നു?’
അയര്‍ലന്‍ഡ്, ജോര്‍ജിയ, ചെക്കൊസ്ലോവാക്യ, അമേരിക്ക, ഫിന്‍ലന്‍ഡ്, നോര്‍വേ, ഹോളണ്ട്, ദുബായ് തുടങ്ങി ഏകദേശം മുപ്പതോളം രാജ്യങ്ങളില്‍നിന്ന് വരുന്ന കത്തുകള്‍ക്കായി സനാഖാദര്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അക്ഷമയോടെ കാത്തിരിക്കുകയാണ്.
കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലാണ് ഈ മിടുക്കി പഠിക്കുന്നത്. പോസ്റ്റോഫീസിലെ ജീവനക്കാര്‍ സനയെ സ്നേഹത്തോടെയാണ് വരവേല്‍ക്കുന്നത്.
വടകര താലൂക്കിന്റെ വടക്കേ അറ്റത്ത് ചോമ്ബാലിലെ മുക്കാളിയാണ് സനാഖാദറിന്റെ വീട്. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. മൂന്നാംവര്‍ഷ കോഴ്സ് പൂര്‍ത്തീകരിച്ച സനയുടെ വഴി വേറിട്ടതാണ്. ‘ZANNIST’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സനയ്ക്ക് സ്വന്തമായി ഒരു പേജുണ്ട്. വിശേഷവേളകളില്‍ നല്‍കാനായി അലങ്കരിച്ച കാര്‍ഡുകള്‍, കുഞ്ഞു ഡയറിത്താളുകള്‍, ഗ്രീറ്റിങ് കാര്‍ഡുകള്‍, ജന്മദിനാശംസാകാര്‍ഡുകള്‍ അങ്ങനെ പലതിനുമായി ആളുകള്‍ ഇവളുടെ സഹായം തേടുന്നു.
ഫിന്‍ലന്‍ഡിലെ ഹീഡി എന്നൊരു പെണ്‍കുട്ടിക്ക് കത്തെഴുതിയെഴുതി കൈക്ക് സ്വാധീനമില്ലാതായി. ഇടതുകൈകൊണ്ട് എന്നിട്ടും അവള്‍ ഇപ്പോഴും വേദന മറന്ന് സനയ്ക്ക് എഴുതിക്കൊണ്ടേയിരിക്കുന്നു. അത്രയും പാഷന്‍ ഉള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ കഴിയൂ.
സുന്ദരമായ അലങ്കാരക്കൂടുകളില്‍ കത്തിനൊപ്പം ഒരു സ്പെഷ്യല്‍ ഗിഫ്റ്റുമുണ്ടാകും. ഒന്നുകില്‍ ആ നാട്ടിലെ ഒരില, അതല്ലെങ്കില്‍ ഒരു നാണയം, ടീ ബാഗ്, സ്റ്റാമ്ബ്, മുത്ത്, പേന അങ്ങനെ പലതും.
സനയുടെ ഈ വേറിട്ട യാത്രയ്ക്ക് പ്രോത്സാഹനമായി വീട്ടുകാര്‍ ഒപ്പമുണ്ട്.
”ഞാന്‍ സംസ്കാരങ്ങളുടെ വിനിമയമാണാഗ്രഹിക്കുന്നതെങ്കില്‍ ചിലര്‍ക്ക് എല്ലാം തുറന്നുപറയാന്‍ കഴിയുന്ന ഒരു നല്ല സുഹൃത്തിനെയാണ് ആവശ്യം. തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍, അതീവ രഹസ്യങ്ങള്‍, അത് ഞങ്ങള്‍ രണ്ടു പേരുമല്ലാതെ മറ്റാരും അറിയില്ലെന്ന വിശ്വാസമുണ്ട്. ഇമെയിലുകള്‍ക്കോ മറ്റു ഇലക്‌ട്രോണിക് സന്ദേശമാധ്യമങ്ങള്‍ക്കോ ഇല്ലാത്ത വിശ്വസ്തത!”, സന തുറന്ന് പറയുന്നു.
എല്ലാം മനസ്സില്‍ ചേര്‍ത്ത് ഈ എന്‍ജിനീയര്‍ ആനന്ദത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്.
Post Your Comments