Onamfood

ഓണത്തിന് വീട്ടിലുണ്ടാക്കാം കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും

ഓണസദ്യയിലെ പ്രധാന വിഭവങ്ങളാണ് കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും. ഭൂരിഭാഗം പേരും ഇവ കടകളില്‍ നിന്ന് വാങ്ങുകയാണ് പതിവ്. ഇത്തവണത്തെ ഓണത്തിന് നമുക്ക് കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും വീട്ടില്‍ ഉണ്ടാക്കാം.

ശര്‍ക്കര ഉപ്പേരി ( ശര്‍ക്കര വരട്ടി)

ചേരുവകള്‍

നേന്ത്രക്കായ – പത്തെണ്ണം

ശര്‍ക്കര – അരക്കിലോ

പഞ്ചസാര പൊടിച്ചത് – 50 ഗ്രാം

നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

ചുക്ക്, ജീരകം പൊടിച്ചത് – പത്ത് ഗ്രാം

വെളിച്ചെണ്ണ – ഒരു ലിറ്റര്‍

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

നേന്ത്രക്കായ തൊലി കളഞ്ഞ് കാല്‍ ഇഞ്ച് കനത്തില്‍ നുറുക്കി കഷ്ണങ്ങളാക്കുക. ഈ കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കി അതിലിട്ട് അല്പനേരം വയ്ക്കുക. അതിനുശേഷം കഷ്ണങ്ങള്‍ കഴുകി ഊറ്റിവയ്ക്കുക.
അടുത്തതായി ഒരു വലിയ ഉരുളിയോ, ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക. വെളിച്ചെണ്ണ തിളച്ചു കഴിയുമ്പോള്‍ കഷ്ണങ്ങള്‍ കുറെശ്ശെയായി ഇട്ട് ഇളക്കുക. കഷ്ണങ്ങള്‍ മൂത്താല്‍ കോരിയെടുത്ത് പരന്ന തട്ടില്‍ പരത്തിവയ്ക്കുക. ( കായയുടെ ഉള്ളു നന്നായി വേവണം )

അതിനു ശേഷം ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. ഇത് നല്ലവണ്ണം ഇളക്കിക്കൊണ്ടിരിക്കണം . നൂല്‍പാകത്തില്‍ ശര്‍ക്കര പാവ് പാകമായാല്‍ കായകഷ്ണങ്ങള്‍ അതിലിട്ട് ഇളക്കണം. ഇനി ഇതിലേക്ക് നെയ്യ് ഒഴിച്ച് വീണ്ടും ഇളക്കണം. ചുക്ക്, ജീരകം, പഞ്ചസാര പൊടിച്ചത് എല്ലാം വിതറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച് നന്നായി ഇളക്കി യോജിപ്പിക്കണം.

കായ വറുത്തത്

തയ്യാറാക്കുന്ന വിധം

പാകമായ നേന്ത്രക്കായയുടെ തൊണ്ടു കീറി മാറ്റി, ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെള്ളത്തിൽ ഇട്ടു വയ്ക്കണം ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേർത്ത രീതിയിൽ കഷ്ണങ്ങളായി വട്ടത്തിൽ അരിഞ്ഞെടുക്കുക. അതിനുശേഷം ഉരുളിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കായ കഷണങ്ങള്‍ ഇടുക. ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍ കോരിയെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button