Latest NewsKeralaNews

ഇന്ന് ചിങ്ങം ഒന്ന്: മലയാള വര്‍ഷത്തിന്റെ പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവും

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായി ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഇനി ഓരോ മലയാളികളെയും കാത്തിരിക്കുന്നത്. മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.കാര്‍ഷിക സമൃദ്ധിയുടെ കാലം മാഞ്ഞുപോവുകയാണെങ്കിലും ചിങ്ങം ഒന്ന് ഓരോ മലയാളിയുടെ മനസ്സിലും പച്ചപ്പു നിറയ്ക്കുന്നു. ചിങ്ങം പിറക്കുന്നത് ഓണക്കാലത്തിന്റെ സമത്വ സുന്ദരമായ സ്മരണയിലേക്കാണ്. മാലോകരെല്ലാരുമൊന്നുപോലെ വാണ നല്ല നാളിന്റെ ഓര്‍മയുമായി ഓണപ്പുലരി കടന്നെത്തുന്നു. ഓണത്തെ വരവേല്‍ക്കാനെന്ന വണ്ണം മണ്ണും മനസ്സും വര്‍ണാഭമാവുന്നു.

ചിങ്ങമാസത്തിന്റെ പ്രത്യേകതകള്‍

മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. മലയാള മാസം അനുസരിച്ച് പുതുവര്‍ഷം പിറക്കുന്നു എന്നാണ് ചിങ്ങം ഒന്നിനെ വിശേഷിപ്പിക്കുക. കൂടാതെ ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നുണ്ട്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തു തന്നെയാണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീടുകളിലെ അറകളും പത്തായങ്ങളിലും നിറയ്ക്കുന്ന സമ്പന്നത നിറഞ്ഞാടിയ മാസം. പ്രസന്നമായ തെളിഞ്ഞ കാലാവസ്ഥയാണ് ഈ മാസത്തിലെ മറ്റൊരു പ്രത്യേകത.

പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസ്സില്‍ ചിങ്ങമാസം ഓര്‍മ്മപ്പെടുത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button