Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNewsHealth & Fitness

ബ്ലൂ വെയ്ൽ മുതലായ മരണക്കെണിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് : കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നതിങ്ങനെ

കലാ ഷിബു (കൗൺസലിംഗ് സൈക്കോളജിസ്റ്റ് )

ഏതാനും നാൾ മുൻപാണ് അസ്‌ട്രോപ്രോജെക്ഷൻ എന്ന വാക്ക് പലരും കേൾക്കുന്നത്. കേതൽ എന്ന യുവാവ് നടത്തിയ കൊലപാതകം അതിന്റെ പേരിൽ ആയിരുന്നു. ഇന്ന് ചർച്ച , BLUE WHALE എന്ന മരണ കളിയെ കുറിച്ച്!! ടാസ്കുകൾ പുരോഗമിച്ചു പതിനഞ്ചാമത്തെ ഘട്ടം എത്തുന്നതോടെ കളിക്കുന്ന വ്യക്തി പൂർണ്ണമായും ഗെയിം മാസ്റ്ററുടെ അടിമ ആയി മാറുന്ന ഒന്നാണ് ഈ കളി..

അൻപതാം ഘട്ടം ആകുന്നതോടെ സ്വന്തം ജീവൻ വരെ ഹോമിക്കപെടുന്ന അവസ്ഥ എത്തുന്നു. രഹസ്യ ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും വഴിയാണ് ഇതിന്റെ ലിങ്കുകൾ പ്രചരിക്കുന്നത്. ഒരിക്കൽ പെട്ട് പോയാൽ പിന്നെ ഊരി വരാൻ പറ്റുകയുമില്ല. എന്നോട് ഇതിനുള്ള പ്രതിവിധി ചോദിക്കുന്നവരോട് വളരെ ലളിതമായ ഒരു ഉത്തരമേ ഉള്ളു. മക്കളെ അറിയുക…!

തങ്ങളുടെ മക്കൾ ഇപ്പോഴും വീഡിയോ ഗെയിം കളിയുടെ ലോകത്താണെന്നു അഭിമാനത്തോടെ മാതാപിതാക്കൾ പറയാറുണ്ട്..
ബുദ്ധിയുടെ അളവ് കോലായി പലരും കാണുന്നത് ഇതൊക്കെ ആണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഞാൻ ജോലി നോക്കുന്നത്. തനിക്കു ചുറ്റും എന്തെന്തു നടക്കുന്നു എന്നറിയാതെ ആണ് ഭൂരിപക്ഷം മാതാപിതാക്കളും മക്കളെ വളർത്തുന്നത്. എന്നാൽ , അവരുടെ മനസ്സ് അറിയുന്നുമില്ല.

കൗമാരം എന്നത് ഒരു പ്രത്യേക കാലഘട്ടമാണ്. ജീവിതത്തിലെ ഏറ്റവും വലിയ നിർണ്ണായക ഘട്ടം. ഒരു റിബൽ മനോഭാവം അവരിൽ ഉണ്ടാകും. പാപചിന്തകളെ പറ്റി, വ്യത്യസ്ത സങ്കൽപ്പങ്ങളെ കുറിച്ചൊക്കെ സംഘര്‍ഷം കുട്ടികളിൽ കാണാറുണ്ട്. ചിലർ അത് പ്രകടമാക്കും. അല്ലാത്തവർ ഉൾവലിയും. അങ്ങനെ ഉളളവർ ആണ് പ്രശ്നക്കാർ.

സങ്കടം വരാറുണ്ട്. ഉറക്കപ്പായിൽ നിന്നും അതെ പോലെ വരുന്ന പോലെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളെ കാണുമ്പോൾ. അതിശയം തോന്നാറുണ്ട്. അവർ പ്രാതൽ കഴിച്ചില്ല, ഉച്ച ഭക്ഷണം കൊണ്ട് വന്നില്ല എന്ന് കേൾക്കുമ്പോൾ. വീട്ടിൽ നിന്നല്ലേ വരുന്നത് എന്ന് പലപ്പോഴും ചോദിക്കേണ്ടി വരാറുണ്ട്.

കളികൾ ഇങ്ങനെ മാറി മാറി വരും. ഒന്ന് നിരോധിക്കുമ്പോൾ അടുത്തത്,.!
അതിന്റെ ആഴത്തിൽ പോയി ഗവേഷണം ചെയ്യേണ്ട. മക്കളെ നോക്കാനും കേൾക്കാനും സമയം കണ്ടെത്തുക. സാഹസം ഇഷ്‌ടപ്പെടുന്ന ഈ കാലഘട്ടത്തെ ഒന്ന് മനസ്സിലാക്കുക.അവരെ അംഗീകരിക്കുക.മക്കളുടെ വൈകാരികതലങ്ങളെ മനസ്സിലാക്കി യുക്തി ഭദ്രമായ ജീവിതത്തിനു വേണ്ടത് ചെയ്തു കൊടുക്കുക.

അംഗീകരിക്കപ്പെടാൻ ജീവിതത്തിന്റെ അവസാനം വരെ നമ്മൾ ഏതൊക്കെ തരത്തിൽ യുദ്ധം ചെയ്യുന്നു..! കുട്ടികളിലും അത്തരം വ്യഗ്രതകൾ ഉണ്ട്.
അത് തിരിച്ചറിയുക. അവരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾക്ക് ചെവികൊടുക്കുക ആ മനസ്സുകളെ ,ചേർത്ത് വെയ്ക്കുക.അവരുടെ ഇഷ്‌ടങ്ങൾ, താല്പര്യങ്ങൾ അറിയുക.
മക്കളുടെ കൗമാരം മാതാപിതാക്കളുടെ കരുതലിന്റെ , വാത്സല്യത്തിന്റെ സ്പർശം ഏറ്റ് മുന്നോട്ടു പൊയ്ക്കോട്ടേ.

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അതിനേക്കാൾ മികച്ച മരുന്ന് മറ്റൊന്നുമില്ല. വയലിൽ നിൽക്കുന്ന കരിങ്കോലങ്ങളെ ഭയന്നാണ് കാക്ക അകന്നു നിൽക്കുന്നത്. ബഹുമാനം കൊണ്ടല്ല.മക്കളുടെ ജീവിതത്തിൽ അത്തരം ഒരു രീതിയിൽ ആകാതെ പറ്റിയാൽ,എത്ര സങ്കീർണ്ണ വ്യകതിത്വം എന്ന് പറഞ്ഞാലും ,അത് മാറ്റിയെടുക്കാൻ സാധിക്കും.

കൗമാരത്തിന് ഭീഷണി ആയി മരണകളികൾ ഇനിയും സൈബർ ലോകത്തിൽ നിറയും. അച്ഛനമ്മാരുടെ കരുതലിനും സ്നേഹത്തിനും അപ്പുറം മറ്റു പോവഴികൾ ഇല്ല.ജീവിതത്തെ കുറിച്ച് ശുഭാപ്തി വിശ്വാസം അവരിൽ ഉണ്ടാക്കി എടുക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button