നിര്‍മിക്കപ്പെട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈജിപ്തിലെ പിരമിഡുകള്‍ സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഗിസയിലെ പിരമിഡിനുള്ളില്‍ രഹസ്യ അറയുണ്ടെന്ന സൂചനകളാണ് പുരാവസ്തു ഗവേഷകര്‍ ഏറ്റവും ഒടുവില്‍ നല്‍കുന്നത്. ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ച് ഗിസയിലെ പിരമിഡ് സ്‌കാന്‍ ചെയ്തപ്പോള്‍ ലഭിച്ച അസാധാരണ വിവരങ്ങളാണ് പുതിയ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഖുഫു പിരമിഡ് എന്നും അറിയപ്പെടുന്ന ഗിസയിലെ പിരമിഡിന് 476 അടി ഉയരമുണ്ട്. നിര്‍മിക്കപ്പെട്ട് നാലായിരം വര്‍ഷത്തോളം മനുഷ്യ നിര്‍മിതമായ ഏറ്റവും ഉയരമുള്ള വസ്തുവെന്ന റെക്കോഡ് പിരമിഡിനായിരുന്നു. 2560 ബിസിയിലാണ് കെയ്റോക്ക് സമീപമുള്ള ഗിസയിലെ ഈ പിരമിഡ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് കരുതുന്നു. ഇന്‍ഫ്രാറെഡ് കിരണങ്ങളുപയോഗിച്ച് പിരമിഡുകള്‍ സ്‌കാന്‍ ചെയ്യുന്ന ‘സ്‌കാന്‍ പിരമിഡ്സ്’ എന്ന പദ്ധതി വലിയ പ്രതീക്ഷയോടെയാണ് ഗവേഷകര്‍ കരുതുന്നത്.
പൗരാണിക ലോകത്തെ ഏഴ് മഹാത്ഭുതങ്ങളില്‍ ഇന്നും തലയെടുപ്പോടെ നിലനില്‍ക്കുന്നത് ഗിസയിലെ ഈ പിരമിഡ് മാത്രമാണ്. ഗിസയിലെ പിരമിഡ് എന്തെങ്കിലും അത്ഭുതങ്ങള്‍ ഉള്ളിലൊളിപ്പിച്ചിട്ടുണ്ടോ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ചോദ്യമാണ്. ഈ ചോദ്യത്തിനുത്തരം തേടുകയാണ് ഗവേഷകരുടെ ലക്ഷ്യം.
ഗിസയിലെ പിരമിഡിന്റെ ഉള്ളിലെന്താണെന്ന് കണ്ടെത്തുകയെന്ന ലക്ഷ്യത്തിലാണ് 479 അടി വലിപ്പമുള്ള പിരമിഡ് സ്‌കാന്‍ ചെയ്തത്. ഈ സ്‌കാനിങ്ങില്‍ വലിയൊരു വിവരം ഗവേഷകര്‍ക്ക് ലഭിക്കുകയും ചെയ്തു. പിരമിഡിലെ അടിഭാഗത്തുള്ള രണ്ട് കല്ലുകള്‍ക്ക് മാത്രം മറ്റുള്ളവയെ അപേക്ഷിച്ച് ചൂട് കൂടുതലാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് പിരമിഡിലെ രഹസ്യ അറയിലേക്കുള്ള സൂചനയാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഈജിപ്തിലെ ഫറവോ ആയിരുന്ന ആഖെനാത്തന്റെ രാജ്ഞി നെഫെര്‍തിതിയുടെ ശവകുടീരമാകാം ഗിസയിലെ പിരമിഡിലെന്ന വാദം വരെ ഉയര്‍ന്നു കഴിഞ്ഞു.
തുത്തന്‍ഖാമന്റെ ശവകുടീരത്തിലും മറ്റൊരു അറ
തുത്തന്‍ഖാമന്‍ രാജാവിന്റെ ശവകുടീരത്തില്‍ മറ്റൊരു അറകൂടി ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രണ്ടു വര്‍ഷം മുന്‍പാണ് ഈജിപ്ത് മന്ത്രാലയം അറിയിച്ചത്. ഇന്‍ഫ്രാറെഡ് പരിശോധനയില്‍ ശവകുടീരത്തില്‍ വേറെയും അറകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അന്ന് ഗവേഷകര്‍ നിരീക്ഷിച്ചത്. ഈജിപ്ഷ്യന്‍ വംശത്തിലെ രാജ്ഞി നെഫെര്‍തിതിയെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് പുരാണരേഖകളില്‍ പറയുന്നുണ്ട്. പുരാവസ്തു ഗവേഷകരും ഇത്തരമൊരു നിഗമനം നടത്തിയിരുന്നു.
തുത്തന്‍ഖാമന്റെ ശവകുടീരത്തിന്റെ വടക്കന്‍ ഭിത്തിയുടെ ഭാഗത്തുള്ള ഊഷ്മാവില്‍ വ്യത്യാസം കാണുന്നുണ്ട്. ഊഷ്മാവില്‍ മാറ്റമുണ്ടാകണമെങ്കില്‍ ഭിത്തിയ്ക്ക് പിന്നില്‍ തുറന്ന സ്ഥലമാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. പ്രമുഖ ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞന്‍ നിക്കോളാസ് റീവസ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ ശവകുടീരത്തിന് രണ്ട് വാതിലുകള്‍ ഉണ്ടെന്നാണ് പറയുന്നത്. അദ്ധേഹത്തിന്റെ നിഗമനപ്രകാരം രാജ്ഞിയായ നെഫെര്‍തിതിയെ അടക്കം ചെയ്യാന്‍ പണികഴിപ്പിച്ചതായിരിക്കാം ഈ ശവകുടീരമെന്നും വിലയിരുത്തുന്നു. രാജ്ഞി മരിച്ച് 10 വര്‍ഷം കഴിഞ്ഞ് തുത്തന്‍ഖാമന്‍ മരിച്ചപ്പോള്‍ ശവകുടീരം വീണ്ടും തുറക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
19-ാം വയസ്സിലാണ് തുത്തന്‍ഖാമന്‍ മരിക്കുന്നത്. ഏറെ ചെറുപ്പമായിരുന്ന രാജാവിന് വേണ്ടി നേരത്തെ ശവകുടീരം പണികഴിപ്പിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്ഞിയുടെ ശവകുടീരം തുറന്ന് തുത്തന്‍ഖാമനെ അടക്കേണ്ടി വന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
Post Your Comments