താഷ്ഗുര്‍ഖാന്‍: ചൈന-പകിസ്ഥാന്‍ സൗഹൃദത്തിന്റെ മാതൃകയായി വാഴ്ത്തപ്പെടുന്ന ചൈന-പാകിസ്ഥാന്‍ ഫ്രണ്ട്ഷിപ്പ് റോഡ് പാക് വ്യാപാരികള്‍ക്ക് കുരുക്കാവുന്നതായി റിപ്പോര്‍ട്ട്. ഹിമാലയത്തിലെ ദുര്‍ഘടമായ പര്‍വതങ്ങള്‍ക്കിടയിലൂടെ 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നിര്‍മ്മിച്ചത് ചൈനയാണ്.
കോടിക്കണക്കിന് ഡോളറുകള്‍ മുടക്കിയുണ്ടാക്കിയ റോഡ് പാകിസ്ഥാനുമായുള്ള തങ്ങളുടെ സൗഹൃദത്തിന്റെ അഭിമാനചിഹ്നമായി ചൈന ഉയര്‍ത്തിക്കാട്ടുന്നുവെങ്കിലും ചൈനീസ് അതിര്‍ത്തിയില്‍ താമസിക്കുന്ന പാകിസ്ഥാനികള്‍ക്ക് ഇതൊരു വണ്‍വേ റോഡ് മാത്രമാണ്. ചൈനയില്‍ നിന്ന് നിത്യവും ടണ്‍കണക്കിന് ചരക്കുകള്‍ പാകിസ്ഥാന്‍ വിപണി ലക്ഷ്യമാക്കി ഈ പാതയിലൂടെ കടന്നു പോകുന്നുവെങ്കിലും ചൈനയിലേക്ക് കാര്യമായി ഒന്നും കയറ്റുമതി ചെയ്യാന്‍ പാകിസ്ഥാന് സാധിക്കുന്നില്ലെന്നാണ് പാക് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
”ഹൃദയമില്ലാത്ത” സൗഹൃദമാണ് ചൈനയുടേതെന്നാണ് പാകിസ്ഥാനി വ്യാവസായിയാ മുറാദ് ഷായെ പോലുള്ളവരുടെ അഭിപ്രായം.
ചൈനയുടെ വികസനം മാത്രം ലക്ഷ്യം വച്ചുള്ളതാണ് പാക്-ചൈന ഫ്രണ്ട്ഷിപ്പ് ഹൈവേ എന്ന് മുറാദ് ഷാ ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ ഭാഗമായാണ് 46 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവിട്ട് കാരക്കോണം പര്‍വതനിരകള്‍ക്കിടയിലൂടെ ഒരു വ്യാവസായിക പാത നിര്‍മ്മിക്കാന്‍ ചൈനയും പാകിസ്ഥാനും കരാറില്‍ ഒപ്പിടുന്നത്.
ഇരുരാജ്യങ്ങള്‍ക്കും പദ്ധതി ഒരുപോലെ നേട്ടമാണെന്നാണ് അന്ന് പറഞ്ഞിരുന്നതെങ്കിലും പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് പദ്ധതി ചൈനയ്ക്ക് മാത്രം ലാഭം സമ്മാനിക്കുന്നുവെന്നാണ്. പദ്ധതിയുടെ ഭാഗമായി പാകിസ്ഥാന്റെ ദക്ഷിണഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്വദര്‍ തുറമുഖത്താണ് ഈ പാത ചെന്ന് അവസാനിക്കുന്നത്.
ഈ പാതയിലൂടെ ചൈനീസ് ഉത്പന്നങ്ങള്‍ തുറമുഖത്ത് എത്തിച്ച് അവിടെ നിന്ന് ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കും കയറ്റുമതി ചെയ്യാനാണ് ചൈന ലക്ഷ്യമിടുന്നത്. തുറമുഖത്തിന്റെ നടത്തിപ്പ് പാകിസ്ഥാന്‍ ചൈനയ്ക്ക് കൊടുത്തതോടെ ഇവിടെ ചൈനീസ് നാവികസേന നിലയുറപ്പിച്ചു അതുവഴി അറബിക്കടലില്‍ സ്വാധീനവും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തു.
പാകിസ്ഥാന് കുറുകേ കടന്നു പോകുന്ന ഈ പാതയുടെ ഭാഗമായി റെയില്‍വേ പാതയും,ആണവപദ്ധതികളും, പ്രത്യേകസാമ്പത്തിക മേഖലകളുമെല്ലാം ചൈന നിര്‍മ്മിക്കുന്നുണ്ട്. വളരെ മോശം ഗതാഗതസംവിധാനമുള്ള പാകിസ്ഥാന്റെ ജിഡിപിയില്‍ 3.5 ശതമാനം വര്‍ധനവാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
പാകിസ്ഥാനിലെ പ്രമുഖ നഗരങ്ങളായ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി,പെഷവാര്‍ എന്നീ നഗരങ്ങളെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ 2013-ല്‍ ആരംഭിച്ച പദ്ധതി മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ചൈനയിലേക്കുള്ള പാകിസ്ഥാന്റെ കയറ്റുമതിയില്‍ എട്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം പാകിസ്ഥാനിലേക്കുള്ള ചൈനയുടെ ഇറക്കുമതി 29 ശതമാനം വര്‍ധിക്കുകയും ചെയ്തു.
പാകിസ്ഥാന്‍ വിപണിയിലേക്ക് ചൈനീസ് ഉത്പന്നങ്ങളുടെ പ്രളയം ആരംഭിച്ചതോടെ പാകിസ്ഥാനിലെ പല വ്യവസായങ്ങളും വലിയ നഷ്ടമാണ് നേരിടുന്നത്.
അഭ്യന്തരപ്രശ്നങ്ങള്‍ കാരണം വികസ്വരമായ ഒരു വ്യവസായ അന്തരീക്ഷമാണ് പാകിസ്ഥാനിലുള്ളത്. അത് കൊണ്ട് തന്നെ പാകിസ്താനിലെ ഉത്പാദനചിലവും വളരെ കൂടുതലാണ്. ആഗോളവിപണി ലക്ഷ്യമിട്ട് വന്‍തോതില്‍ ഉല്‍പാദനം നടത്തുന്നതിനാല്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില വളരെ തുച്ഛവും. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി ശക്തമായതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന പരാതി പാക് വ്യാപാരികള്‍ പരസ്യമാക്കി കഴിഞ്ഞു.
Post Your Comments