ഷാര്‍ജ : ചെയ്യാത്ത കുറ്റത്തിന് നിയമക്കുരുക്കില്‍പ്പെട്ട മലയാളി കഴിഞ്ഞ എട്ട് വര്‍ഷമായി അനുഭവിക്കുന്ന ദുരിത ജീവിതത്തിന് അവസാനമാകുന്നു. പാലക്കാട് സ്വദേശി എ.എസ്. ശങ്കരനാരായണ ശര്‍മ്മ (61)യാണ് നേരിടുന്ന നിയമ നടപടികളില്‍ നിന്ന് മോചിതനാകുന്നത്.
2009-ലായിരുന്നു ശങ്കര നാരായണയെ നിയമത്തിന്റെ പിടിയിലാക്കിയ സംഭവത്തിന് തുടക്കം. ശര്‍മ സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തിരുന്ന കമ്പനിയിലെ ബംഗ്ളാദേശ് സ്വദേശിയായ തൊഴിലാളി താമസ സ്ഥലത്തെ കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതോടെയാണ് നിയമക്കുടുക്കില്‍പ്പെട്ടത്. കമ്പനി ഉടമയ്ക്കെതിരെ ഷാര്‍ജ കോടതിയില്‍ ഉണ്ടായിരുന്ന കേസില്‍ അദ്ദേഹത്തിന് വേണ്ടി ശര്‍മ ഹാജരാവുകയും തന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കമ്പനി ഉടമയ്ക്ക് ഇടയ്ക്കിടയ്ക്ക് പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടതിനെ തുടര്‍ന്ന് തന്റെ പാസ്പോര്‍ട്ടിന് പകരം ശര്‍മയുടെ പാസ്പോര്‍ട്ട് വയ്ക്കുകയായിരുന്നു .
എന്നാല്‍ 2010 ല്‍ കോടതി വിധി വന്നതോടെ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു. രണ്ടു ലക്ഷം ദിര്‍ഹം മരിച്ച തൊഴിലാളിയുടെ അവകാശികള്‍ക്ക് ദിയാ ധന(ബ്ലഡ് മണി)മായി നല്കാന് ശര്‍മയോട് കോടതി ഉത്തരവിട്ടു. കമ്പനി ഉടമ തന്നെ അപ്പീല്‍ ബോധിപ്പിക്കാമെന്നും അല്ലങ്കില്‍ ദിയാധനം കമ്പനി കൊടുത്തു കൊള്ളുമെന്നും വാക്ക് കൊടുത്തിരുന്നു. എന്നാല്‍ 2013 ല്‍ കമ്പനി ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയും അദ്ദേഹത്തിന്റെ മകന് കമ്പനിയുടെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
പക്ഷേ, ഇദ്ദേഹം എല്ലാ നിയമപ്രശ്നങ്ങളും ശര്‍മയുടെ തലയില്‍ വച്ച് കമ്പനിയുടെ ബാധ്യതയില്‍ നിന്നു ഒഴിയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ശര്‍മ ജോലിയില്‍ നിന്നു വിരമിച്ചെങ്കിലും തൊഴില്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ കമ്പനി ഇതു വരെ നല്‍കിയിട്ടില്ല. താന്‍ ഒരുതരത്തിലും ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തില്‍ ഭീമമായ സംഖ്യ അടക്കേണ്ട ബാധ്യത ചെറിയ വരുമാനക്കാരനായിരുന്ന ശര്‍മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു.
ഇതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് കോടതിയില്‍ നിന്നു കൈ പറ്റാന്‍ സാധിച്ചില്ല. എട്ട് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാത്ത ശര്‍മ ഇപ്പോള്‍ സുഹൃത്തുക്കളോടൊപ്പം കഴിയുകയാണ്. 82 വയസ്സുള്ള തന്റെ അമ്മ, ഭാര്യ, 17 വയസ്സുള്ള ഏക മകള്‍ എന്നിവരെ കാണാന്‍ സാധിക്കാത്തതില്‍ അതിയായ ദുഃഖത്തിലായിരുന്നു ഇദ്ദേഹം ഇത്രയും നാള് കഴിഞ്ഞത്. ഈ കാലയളവില്‍ ശര്‍മയുടെ രണ്ടു സഹോദരികളും സഹോദരി ഭര്ത്താക്കന്മാരും മരിക്കുകയുമുണ്ടായി.
ശര്‍മയുടെ ഈ ദുരവസ്ഥ അറിഞ്ഞ ദുബായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബാങ്ക് തങ്ങളുടെ സകാത്തു(ദാനനിധി) ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷം ദിര്‍ഹം നല്കാന് മുന്നോട്ട് വന്നതോടെയാണ് ശര്‍മയുടെ മോചനത്തിന് വഴിയൊരുങ്ങിയത്. ഷാര്‍ജ കേന്ദ്രമായുള്ള അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. ഷാര്‍ജ ശരിഅത്ത് കോടതിയിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ശര്‍മയ്ക്ക് എത്രയും പെട്ടന്ന് നാട്ടില്‍ പോകാന്‍ വേണ്ട അനുമതിക്ക് ദുബായ് അല്‍ അവീര്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തേക്കുള്ള പിഴ ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു. ഈ അപേക്ഷയില്‍ അനുമതി കിട്ടിയാലുടന്‍ എത്രയും പെട്ടന്ന് അദ്ദേഹത്തിന് നാട്ടിലേക്ക് പോകാന്‍ കഴിയുമെന്നു സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Post Your Comments