Home & Garden

ഗൃഹത്തിന്റെ ജാതകക്കുറിപ്പായ വാതിലുകള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാസ്തു ശാസ്ത്ര പ്രകാരം വാതിലുകൾ ഇങ്ങനെ ആയിരിക്കണം. വാതിലിനെ ഗൃഹത്തിന്റെ ജാതകക്കുറിപ്പായി കണക്കാക്കാം. വാതിലില്‍ പ്രധാന വാതിലായ പൂമുഖവാതില്‍ മറ്റുള്ളവയില്‍നിന്ന് ഏറെ വ്യത്യാസപ്പെടുത്തിയും അല്പം വലുതായിട്ടുമാണല്ലോ സാധാരണ ചെയ്യാറുള്ളത്. ഈ വാതിലിനെ ജാതകവാതിലെന്നും വിളിച്ചുവരാറുണ്ട്.

പൂമുഖം-വരാന്ത- കോലായ എന്നൊക്കെ വിളിക്കാറുള്ള ഇന്നത്തെ സിറ്റൗട്ട് കഴിഞ്ഞ് ഗൃഹത്തിലേക്ക് പ്രവേശിക്കുവാനുള്ള പ്രധാന ദ്വാരം അഥവാ മെയിന്‍ ഡോറാണിത്. പ്ലാവ്, തേക്ക്, വീട്ടി, വാക, ഇരൂള്‍ തുടങ്ങി കനമരങ്ങള്‍ അഥവാ ആയുസ്സ് ഉള്ള മരത്തെയാണ് പ്രധാന വാതിലിനായി ഉപയോഗിക്കേണ്ടത്. ഇതിന്റെ തന്നെ വെള്ള ഒഴിവാക്കിയ കാതല്‍ കഷണങ്ങളെയാണ് സാധാരണ പ്രധാന വാതിലിന് എടുക്കാറ്.

എന്നാല്‍ രണ്ട് ജാതിയില്‍പ്പെട്ട മരങ്ങളെ (തേക്കും-പ്ലാവും, വീട്ടിയും-ഇരൂളും എന്നിങ്ങനെ) വേറിട്ട മരങ്ങളെ കൂട്ടിച്ചേര്‍ത്ത് സാധാരണയായി ഉപയോഗിക്കാറില്ല.

മരങ്ങളുടെ ദൃഢതയുമായി ബന്ധപ്പെട്ട് പിരിയല്‍ ഉണ്ടാവുമെന്ന കാരണം തന്നെയാണിതിന് കാരണം. എന്നാല്‍ ഉള്ളിലെ മുറികളില്‍, അത്ര പ്രാധാന്യമായിക്കാണാത്ത കട്ടിളകള്‍ക്കും വാതിലുകള്‍ക്കും നിവൃത്തിയില്ലെങ്കില്‍ മാത്രം പല മരങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കാം. അതുപോലെ തന്നെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ മരങ്ങള്‍ അവ എത്ര നല്ലതാണെങ്കില്‍പ്പോലും പ്രധാനവാതിലിനും അടുക്കള വാതിലിനും ധനമുറിക്കും പൂജാമുറിക്കും ഉപയോഗിക്കരുത്.

വാതില്‍ക്കട്ടിളയുടെ ചവിട്ട് വരുന്ന സ്ഥലത്തെ ചേറ്റുപടിയെന്നും തലയ്ക്ക് മുകളില്‍വരുന്ന കട്ടിളപ്പടിയെ കുറുമ്പടി എന്നും വിളിക്കുന്നു. ചില ഭാഗങ്ങളില്‍ കുറുമ്പടിക്ക് മുകളിലായി പണ്ട് കാലങ്ങളില്‍ മംഗളപ്പലകയും സ്ഥാപിച്ചിരുന്നു. ഇന്ന് പരിഷ്‌ക്കരിച്ച് ഗ്ലാസും, ചിത്രങ്ങളും, ഗ്രില്ലും നെറ്റുമെല്ലാം ഓരോരുത്തരുടേയും സൗകര്യത്തിനും സമ്പത്തിനും അനുസരിച്ച് ഉപയോഗിക്കുന്നു. മംഗളപ്പലകയില്‍ സാധാരണയായി സൗമ്യഭാവദേവതാരൂപങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് വന്നിരുന്നു. ഇതിന് ഗണപതി, സരസ്വതി, മഹാലക്ഷ്മി, പൂര്‍ണ്ണകുംഭം, മയില്‍, മാന്‍പേടകള്‍, എന്നീ രൂപങ്ങളെയാണ് അധികവും ഉപയോഗിച്ചിരുന്നത്. രൗദ്രഭാവദേവതാരൂപങ്ങളും അക്രമസ്വഭാവമുള്ള ജീവികള്‍, ഇഴജന്തുക്കള്‍ എന്നിവയുടെ രൂപങ്ങള്‍ ഒഴിവാക്കിയാണ് മംഗളപ്പലക പൂര്‍ത്തിയാക്കിയിരുന്നത്.

ഗൃഹത്തിന്റെ ചേറ്റുപടികള്‍ കരിങ്കല്ലില്‍ പണിതീര്‍ക്കാം. എന്നാല്‍ ചേറ്റുപടിയില്ലാത്ത വാതില്‍ക്കട്ടിളയോ കോണ്‍ക്രീറ്റ് വാതില്‍ക്കട്ടിളയോ പ്രധാന സ്ഥാനത്ത് സ്ഥാപിക്കാതിരിക്കുന്നതാണ് നല്ലത്.

പ്രധാന വാതില്‍ക്കട്ടിളയ്‌ക്കെന്നപോലെ പുറത്തേക്കുള്ള വാതില്‍ക്കട്ടിളയ്ക്കും ഇത് ബാധകമാണ്. വാതില്‍പ്പലകകള്‍ രണ്ടായി പണി ചെയ്യുമ്പോള്‍ അകത്തുനിന്ന് പുറത്തേക്കിറങ്ങുന്ന ഇടത് ഭാഗത്ത് വരുന്ന പാളിയിലാണ് (പലകയില്‍) സൂത്രപ്പട്ടിക ഉറപ്പിക്കേണ്ടത്.

സൂത്രപ്പട്ടികയില്‍ ഒറ്റയായിവരുന്ന രീതിയില്‍ പിച്ചളമൊട്ടുകള്‍ ആവാം. എന്നാല്‍ പൂജ്യത്തില്‍ അവസാനിക്കയുമരുത്. (10, 20, 30 എന്നിങ്ങനെ) എന്നാല്‍ ഓരോ വാതിലിലും 9 വീതം മൊട്ടുകള്‍ വച്ചാല്‍ 18 മൊട്ടുകള്‍ സാധാരണയായുണ്ടാവും. പതിനെട്ട് എന്നത് ഉത്തമസംഖ്യാരീതിയായതിനാല്‍ ഇത് ഉപയോഗിക്കയുമാവാം. ഒറ്റയില്‍ വരാതെയാണ് വാതിലില്‍ വലിയ മൊട്ടുകള്‍ വച്ചതെങ്കില്‍ അതിന് പരിഹാരമായി ചെയ്യാവുന്നത് പിടിമുട്ട് (വട്ടക്കണ്ണി) ലോഹപ്രതലത്തില്‍ അടിക്കാവുന്ന തരത്തിലുള്ളത് ഉപയോഗിക്കുക. പിടിമുട്ട് വാതില്‍ വലിച്ചടയ്ക്കുന്നതിനുള്ള വട്ടക്കണ്ണി മാത്രമല്ല, ഇത് വാതിലിന് നിര്‍മ്മാണത്താല്‍ സംഭവിച്ചിട്ടുള്ള വേധദോഷങ്ങള്‍ ഇല്ലാതാക്കുന്ന പരിഹാര യന്ത്രം കൂടിയാണ്. ഇത് ഇന്നത്തെ കോളിംഗ് ബെല്ലിന്റെ ഉപകാരം നല്‍കുകയും ചെയ്യുന്നു.

പൂട്ട് ദണ്ഡ്, ബന്ധനം അല്ലെങ്കില്‍ ലോക്ക് കമ്പി തെരെഞ്ഞെടുക്കുന്നതിലും ഏറെ ശ്രദ്ധ വേണം. ഇതില്‍ ഏറ്റവും ഉത്തമം മണിച്ചിത്രത്താഴും, ത്രിശൂലവും ആണ്. രണ്ടാമതായി മയില്‍രൂപവും വേലും സാധാരണയുള്ള ഉരുണ്ട കമ്പി രീതിയിലുള്ള പൂട്ടുമാണ്. ഒറ്റപ്പാളിയായി വാതില്‍ ചെയ്യുമ്പോള്‍ കഴിവതും ഇടത് കട്ടിളക്കാലില്‍ (കട്ടില്‍പ്പാടി) വിജാവരി (വിജാഗിരി) തിരിക്കുറ്റി വരുന്നതാണ് സൗകര്യം.

വാതിലിന് ചെലവഴിക്കേണ്ട ധനത്തെക്കുറിച്ചും ചില രീതിയില്‍ പാലിക്കേണ്ടതുണ്ട്. വീടിന് ആകെ വരുന്ന ചെലവിന്റെ നാലില്‍ ഒരു ഭാഗത്തെക്കാള്‍ ഒരു നിലയിലും ഗൃഹത്തിന്റെ വാതിലുകള്‍ക്കായി ചെലവിടരുത്. അല്ലാതെ, പണിതീര്‍ക്കുന്ന വാതില്‍തന്നെ ഗൃഹസംബത്തില്‍ ഭൂരിഭാഗവും കൈയടക്കുന്ന രീതി ഉത്തമ ഗൃഹനിര്‍മ്മാണ രീതിയല്ല. ഇത്തരം ഗൃഹങ്ങളെ തെല്ലൊന്നുമല്ല ധനദേവതയും കുബേരനുമെല്ലാം വെറുക്കുന്നത്. ധനൈശ്വര്യത്തെ ഇത്തരം പ്രവൃത്തി ബാധിക്കയും തല്‍ഗൃഹം വാസയോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. വാതില്‍ എന്നത് ഗൃഹത്തിന് യോജിക്കുന്നവിധവും ഉറപ്പുള്ളതും ഗൃഹനാഥന്റെ ശിരസ്സുയരത്തോട് ഒരു കോലളവിനേക്കാള്‍ (28.4 ഇഞ്ച്) അധികരിക്കാത്തതുമായ ഉയരത്തില്‍ വന്നാല്‍ ഉത്തമരീതിയായി പരിഗണിക്കാം.

വീടിന്റെ ആകെ വാതിലുകളുടെ എണ്ണം ഇരട്ടിയായും പൂജ്യത്തില്‍ അവസാനിക്കാത്ത പ്രകാരവും സ്ഥാപിക്കണം. എത്ര ചെറുതാണെങ്കിലും ചെറു കുടിലുകള്‍ക്കുപോലും (2 വഴികള്‍) രണ്ട് വാതിലുകള്‍ ഇല്ലാതെ പണിതീര്‍ക്കരുത്. മറ്റ് വാതിലുള്ള ഗൃഹത്തില്‍ വസിക്കുന്നതുതന്നെ അധമമായിട്ടാണ് സങ്കല്പം. കാഴ്ചാസുഖത്തിനായി മാത്രം ഒറ്റപ്പാളി (ഡോര്‍ ടൈപ്പ്) വാതിലില്‍ തന്നെ സൂത്രട്ടി അഥവാ സൂതിപ്പട്ടിക ഘടിപ്പിച്ച് ചെയ്തു കാണാറുണ്ട്. എന്നാല്‍ ഈ രീതിയൊട്ടും വാസ്തുശാസ്ത്രപരമല്ല. ഇത് കാഴ്ചയ്ക്കായി മാത്രം ചെയ്യുന്ന രീതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button