ന്യൂഡൽഹി: മെഡിക്കൽ കോളേജ് വിവാദത്തില്‍ പാർട്ടിയുടെ മുഖച്ഛായക്ക് കളങ്കമേറ്റതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റെ നില പരുങ്ങലിൽ. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച സംഭവത്തെ തുടർന്ന് ദേശിയ നേതൃത്വത്തിന്‍റെയും ആർ.എസ്. എസിന്‍റെയും മുന്നിൽ ഉത്തരം മുട്ടി നിൽക്കുവാണ് കുമ്മനം. പാർട്ടിയുടെ അറിവോടെയായിരുന്നില്ല ഡൽഹിയിൽ കോഴ തുക കൈപ്പറ്റിയ പി.ആർ.ഒ സതീഷ് നായരുടെ നിയമനം. ഹൈന്ദവ സംഘടനാ നേതാവായ സുഹൃത്തിന്‍റെ സഹോദരനായ സതീഷ് നായരേ വ്യക്തിപശ്ചാത്തലം പോലും നോക്കാതെയാണ് കുമ്മനം നിവേദനങ്ങൾ വരെ കൈകാര്യം ചെയ്യാൻ അനുവദിച്ചത്. ഇത് കൂടാതെ ഇയാൾ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. സേന പശ്ചാത്തലം മുൻനിർത്തിയാണ് ഇയാളെ നിയമിച്ചതെന്ന കുമ്മനത്തിന്റെ വാദം കേന്ദ്ര നേതൃത്വം മുഖ വിലയ്ക്ക് എടുത്തിട്ടില്ല.
അച്ചടക്ക നടപടിയിൽ പാർട്ടി പുറത്താക്കിയ ആർ.എസ് വിനോദിനെ തിരിച്ചെടുത്തതും കുമ്മനത്തിന് വിനയായിട്ടുണ്ട്. പാർട്ടി സംസ്ഥാന ജനറല്‍ സെക്രെട്ടറി എം.ടി രമേശിന്‍റെ ആവശ്യപ്രകാരമാണ് വിനോദിനെ സംസ്ഥാന സഹകരണ സെൽ കൺവീനർ ആക്കിയതെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിന് കുമ്മനം നൽകിയ മറുപടി. ഇതോടെ എം.ടി രമേശും സംശയത്തിന്‍റെ നിഴലിൽ ആണ്.
മെഡിക്കൽ കോളേജ് കോഴ വിവാദത്തിലെ അന്വേഷണ റിപ്പോർട്ടുകൾ ചോർത്തി നൽകിയതിന് വി. മുരളീധര പക്ഷത്തിനെതിരെ കർശന നടപടികൾ അനിവാര്യമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെയും ആർ.എസ്.എസിന്‍റെയും നിലപാട്. മുരളീധര പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് ആണ് അന്വേഷണ റിപ്പോർട്ടിന്‍റെ കോപ്പികൾ ചാനൽ ഓഫീസുകളിൽ എത്തിച്ചതെന്ന് പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര നേതൃത്വം അച്ചടക്ക നടപടിയിലേയ്ക്ക് കടക്കും. കോഴ വിവാദത്തിലൂടെ പാർട്ടി ലക്ഷ്യമിട്ടിരുന്ന സംസ്ഥാനത്തെ മുന്നേറ്റത്തിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചു പണി ഉണ്ടാകുമെന്ന് ഉറപ്പായി.
Post Your Comments