KeralaLatest NewsNews

ശബരിമല വിമാനത്താവള വിഷയത്തിൽ പ്രതികരണവുമായി വി. എം സുധീരൻ

തിരുവനന്തപുരം: ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ഭൂമി ശബരിമല വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത നടപടിയെ വിമർശിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സുധീരൻ വിമർശനം അഴിച്ചുവിട്ടത്. ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ഭൂമി ശബരിമല വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത മന്ത്രിസഭായോഗ തീരുമാനം ദുരൂഹമാണെന്ന് സുധീരൻ ആരോപിച്ചു.

ഈ ഭൂമിയിൽ ഹാരിസണ്‍ പ്ലാന്‍റേഷനും അവരിൽ നിന്നും അനധികൃതമായ വസ്തു സ്വന്തമാക്കിയവർക്കും നിയമപരമായി അവകാശമില്ല. ഇത് എം.ജി.രാജമാണിക്യം ഐഎഎസ് അന്വേഷണത്തിലൂടെ കണ്ടെത്തിയതാണ് എന്നും സുധീരൻ പറയുന്നു. ഈ ഭൂമിയാണ് സർക്കാർ വിമാനത്താവളത്തിനായി തിരെഞ്ഞടുത്തിരിക്കുന്നത്. ഹാരിസണും ഭൂമിയുടെ ഇപ്പോഴത്തെ അവകാശികൾക്കും ഇതിൽ അവകാശമില്ല. പക്ഷേ സർക്കാർ ഭൂമി അവരുടേതെന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത്. ഇത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭയുടെ തീരുമാനം സർക്കാരിനു പ്രതികൂലമായി ബാധിക്കും. ഈ തീരുമാനത്തോടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാരിന് അനുകൂലമായി നേരത്തെയുണ്ടായ ഹൈക്കോടതി വിധിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. മറ്റു കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത നിലവിലുള്ള കേസുകളും സത്യവാങ്മൂലവും ഇതിലൂടെ അട്ടിമറിക്കപ്പെടും. ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിട കൈയേറ്റക്കാർ നിയമവിരുദ്ധമായി കൈവശംവച്ചിട്ടുള്ള 5.5 ലക്ഷത്തോളം ഏക്കർ വരുന്ന സർക്കാർ ഭൂമി അവരുടെ അവകാശവാദം അംഗീകരിച്ച് അവർക്ക് തന്നെ ക്രമപ്പെടുത്തിക്കൊടുക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ വിമാനത്താവളത്തിന്‍റെ മറവിലുള്ള മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button