സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് വിഎം സുധീരന്‍. രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തിപ്പെടുകയാണ്. ഇടത് വലത് ചാഞ്ചാട്ടത്തില്‍ നിന്ന മാണിയ്ക്കും കൂട്ടര്‍ക്കും രാജ്യസഭാ സീറ്റ് കൊടുത്തതിനു പിന്നില്‍ കോണ്‍ഗ്രസിലെ ആര്‍ക്കും രാജ്യസഭാ സീറ്റ് ലഭിക്കരുതെന്ന പൊതു അജണ്ടയാണെന്നും വിശാലതാത്പര്യമല്ല, സങ്കുചിത താത്പര്യമാണ് സംസ്ഥാന നേതൃത്വം വച്ചുപുലര്‍ത്തുന്നതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പൊറുക്കാനാകാത്ത തെറ്റാണ് നേതൃത്വം ചെയ്തിരിക്കുന്നത് വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ പറഞ്ഞു. കൂടാതെ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. താന്‍ കെപിസിസി പ്രസിഡന്റ് ആയത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായില്ലയെന്നും ക്രൂരമായ നിസ്സംഗതയും നിസ്സഹകരണവുമാണ് ഉമ്മന്‍ ചാണ്ടിയുടെയും ചിലരുടെയും ഭാഗത്തുനിന്ന് അക്കാലത്ത് നേരിട്ടതെന്നും പറഞ്ഞ സുധീരന്‍ പാര്‍ട്ടി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ലെന്നും കുറ്റപ്പെടുത്തി. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് മുമ്പേ പികെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സുധീരന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയില്‍ നിന്ന്..
‘മറ്റാരെയും പോലെ കെപിസിസി പ്രസിഡന്റാകാന്‍ സര്‍വ്വഥാ യോഗ്യനാണ് താനെന്നാണ് എന്റെ വിശ്വാസം. പ്രസിഡന്റ് ആയശേഷം ആദ്യമായി നടത്തിയ ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. യാത്ര ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. എന്നാല്‍ ഉദ്ഘാടന പ്രംസഗത്തില്‍ ഒരിടത്തുപോലും എന്റെ പേര് ഉമ്മന്‍ ചാണ്ടി പരാമര്‍ശിച്ചില്ല. രണ്ടാമത്തെ ജനരക്ഷാ യാത്രയിലും ഇതായിരുന്നു സ്ഥിതി. അതേസമയം രമേശ് ചെന്നിത്തല. ജനരക്ഷാ യാത്ര കോട്ടയത്ത് എത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി തന്നെ അല്‍പ്പമെങ്കിലും പുകഴ്ത്തി സംസാരിച്ചത്.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായിട്ടാണ്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണ്. ഇതിലൂടെ യുപിഎയ്ക്ക് ലോക്‌സഭയില്‍ ഒരു സീറ്റ് കുറയുകയാണ്. കോണ്‍ഗ്രസിന്റെ നഷ്ടം ബിജെപിയുടെ നേട്ടമാവുകയാണ്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ നാളെ ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. അങ്ങനൊരു ഉറപ്പെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങേണ്ടതായിരുന്നു.
ആര്‍എസ്പിക്ക് കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കിയത് അഞ്ച് മിനിട്ട് കൊണ്ടെടുത്ത തീരുമാനം അല്ല. അത്തരത്തില്‍ചില നേതാക്കള്‍ ഇപ്പോള്‍ നടത്തുന്ന പ്രതികരണങ്ങള്‍ തെറ്റാണ്. പലതലങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സീറ്റ് നല്‍കിയത്. ചാഞ്ചാട്ടമില്ലാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി. എന്നാല്‍ കെഎം മാണി അങ്ങനെയല്ല. മാണി ചാഞ്ചാട്ടക്കാരനാണ്. സിപിഐഎമ്മിനോടും ബിജെപിയോടും ഒരുപോലെ അദ്ദേഹം വിലപേശി. അതിനാല്‍ തീരുമാനം എടുക്കേണ്ടിയിരുന്നത് ആലോചിച്ച് വേണമായിരുന്നു. സാമാന്യ ബുദ്ധിയുള്ള നേതൃത്വം ഇത്തരം മണ്ടത്തരം കാണിക്കില്ല.
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിനേതൃത്വം ഒഴികെ ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും ഈ തീരുമാനത്തെ എതിര്‍ത്തു. തെറ്റുപറ്റിയാല്‍ അത് തുറന്ന് സമ്മതിക്കണം. സഹപ്രവര്‍ത്തകരുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. അതാണ് ചെയ്യേണ്ടത്.
ബിജെപിക്കെതിരായ രാഹുലിന്റെ നീക്കങ്ങളെ നേതാക്കള്‍ പിന്നോട്ടടിക്കുന്നു. ഭാരതത്തിന്റെ ശാപമാണ് ബിജെപി. ജനങ്ങളുടെ മേല്‍ വന്നുപെട്ട വന്‍ ബാധ്യതയാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളാണ് സംസ്ഥാനനേതൃത്വം നടക്കുന്നത്.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണ് തനിക്കെന്ന ആരോപണങ്ങള്‍ക്കും സുധീരന്‍ മറുപടി നല്‍കി. പാര്‍ലമെന്ററി, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയതാണ്. ഇക്കാര്യത്തില്‍ തനിക്കെതിരെ കുപ്രചരണം നടത്തുകയാണ്. താന്‍ സീറ്റിന് വേണ്ടി നടത്തുന്ന കളിയാണെന്നാണ് ചിലര്‍ പറയുന്നത്. അത്തരം പ്രചരണങ്ങളില്‍ മാധ്യമങ്ങള്‍ വീഴരുത്.’
Post Your Comments