മരണത്തിന് തൊട്ടുമുമ്പ് ശ്രീനാഥിന്റെ മുറിയില്‍ രണ്ട് പേര്‍ എത്തിയിരുന്നുവെന്നാണ് അന്ന് ശ്രീനാഥ് താമസിച്ച ഹോട്ടലിന്റെ ജനറൽ മാനേജർ ജോയി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. 20 മിനിറ്റിലധികം ഇവര്‍ മുറിയിലുണ്ടായിരുന്നു. അവര്‍ മടങ്ങി 20 മിനിറ്റിന് ശേഷം ശ്രീനാഥ് റിസപ്ഷനിലേക്ക് ഫോണ്‍ വിളിച്ചു. എന്നാല്‍ ഞെരക്കം മാത്രമാണ് കേട്ടത്. പോയി നോക്കിയപ്പോള്‍ വീണുകിടക്കുകയായിരുന്നു. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. എന്നാല്‍ സന്ദർശകരും ശ്രീനാഥുമായി സംസാരിച്ചതെന്തെന്നോ മുറിയിൽ സംഭവിച്ചതെന്തെന്നോ വ്യക്തമല്ല. ഇക്കാര്യങ്ങൾ കണ്ടെത്തി വെളിപ്പെടുത്താൻ പൊലീസ് തയ്യാറാകണമെന്നാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
ഹോട്ടൽ മാനേജർ ജോയിയുടെ മൊഴിയില്‍ പറയുന്നത് ഇങ്ങനെ ’23ന് രാവിലെ എട്ടിന് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് എന്നിവർ ശ്രീനാഥിന്റെ മുറിയിലെത്തി. ഏകദേശം 20 മിനിറ്റിന് ശേഷം അവർ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയിൽ നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. 20 മിനിറ്റിനുശേഷം ശ്രീനാഥിന്റെ മുറിയിൽ നിന്ന് റിസപ്ഷനിലേക്ക് ഫോൺ വന്നു. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഞരക്കമാണ് കേട്ടത്. ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോൾ വാതിലിന് പുറകിലായി വീണുകിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നു’.
ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെയാണ് ശ്രീനാഥിന്റെ മരണവും ചര്‍ച്ചയാകുന്നത്.
താര സംഘടനയില്‍ അംഗമാകണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുക്കണം. അതില്ലെങ്കില്‍ വിലക്കും. ശ്രീനാഥിന്റെ മരണത്തിലും ഇത് പ്രധാന വില്ലനായിരുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ ശ്രീനാഥ് മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍നിന്ന് കാണാതായതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍തേടി ഒരുമാസംമുമ്പ് വിവരാവകാശം നല്‍കിയവര്‍ക്ക് ഇപ്പോള്‍ രേഖകള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
Post Your Comments