കൊച്ചി : യുവനടിയെ ആക്രമിച്ച കേസ് വഴിതിരിയുന്നു. കേസിലെ മുഖ്യപ്രതി സുനില്‍കുമാറും സിനിമാ മേഖലയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പല തന്ത്രപ്രധാനമായ കാര്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. (പള്‍സര്‍ സുനി) ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റിന്റെ കണ്ണിയെന്നാണ് രഹസ്യവിവരം. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്കു കുഴല്‍പ്പണം എത്തിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന സുനി അതിനുള്ള സൗകര്യത്തിനാണു നിര്‍മാണക്കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്.
വ്യാജ പാസ്പോര്‍ട്ടുകളില്‍ 2013, 2014 വര്‍ഷങ്ങളില്‍ പല തവണ സുനി ദുബായിലെത്തിയതിനു തെളിവുണ്ട്. പെണ്‍വാണിഭ സംഘങ്ങള്‍ക്കുവേണ്ടി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയ മനുഷ്യക്കടത്തു കേസില്‍ ദുബായ് പൊലീസ് തെരയുന്ന ‘സുനില്‍ സുരേന്ദ്ര’നും പള്‍സര്‍ സുനിയും ഒരാളാണെന്ന സംശയവും പൊലീസ് അന്വേഷിക്കുകയാണ്.
കുഴല്‍പ്പണം തട്ടാന്‍ ഗുണ്ടാപ്പടയും
ഹവാല രംഗത്തെ പ്രതിയോഗികള്‍ കടത്തുന്ന കുഴല്‍പ്പണം തട്ടിയെടുക്കാനുള്ള ഗുണ്ടാസംഘം പള്‍സര്‍ സുനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നെന്നു പൊലീസ് നിഗമനം. 2014 മേയില്‍ പാലായ്ക്കു സമീപം കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ നാലുലക്ഷം രൂപയുടെ നോട്ടുകള്‍ മുഖത്തു മുളകു സ്പ്രേ അടിച്ചു കവര്‍ന്ന കേസില്‍ സുനി പിടികിട്ടാപ്പുള്ളിയായിരുന്നു.
മുന്‍നിര നടന്മാരും സാങ്കേതിക വിദഗ്ധരുമായി മറ്റു ഡ്രൈവര്‍മാര്‍ക്കില്ലാത്ത അടുപ്പം സുനിയുണ്ടാക്കിയതും കള്ളപ്പണ ഇടപാടിലൂടെ ആവാമെന്നു പൊലീസ് കരുതുന്നു. മൂന്നു പേരുകളില്‍ ഇയാള്‍ക്കു വ്യാജ പാസ്പോര്ട്ടുകള് ഉണ്ടായിരുന്നതായി കണ്ടെത്തിയതാണ്, ഹവാല ഇടപാടുകളിലേക്കും ദുബായ് ബന്ധങ്ങളിലേക്കും സൂചന നല്‍കുന്നത്. നടിയോട് അതിക്രമം കാണിച്ച കേസില്‍ സുനി വിദേശത്തേക്കു കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരുകളില്‍ പാസ്പോര്‍ട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.
2013ല്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടത്താന്‍ രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ക്വട്ടേഷന്‍ നിലനില്‍ക്കുന്നതായി ദിലീപ് അറിയിച്ചതോടെയാണ് നടിയെ ഉപദ്രവിച്ചത്. സുനി ജയിലിനുള്ളില്‍നിന്നു ദിലീപിനു കൊടുത്തുവിട്ട കത്തിലെ ഒരു വാചകം ഇങ്ങനെയാണ് ”സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല…” നടി ക്വട്ടേഷനു പുറമെ മറ്റു ചില ഇടപാടുകള്‍ കൂടി ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നതിന്റെ സൂചനയാണിതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
Post Your Comments