കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പള്‍സർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. പള്‍സർ സുനിയുടേത് ബാലിശമായ വാദമെന്ന നിരീക്ഷണത്തോടെയാണ് ഒന്നാം പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്.
സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി പറഞ്ഞു.
ജയിലിലായതിനാൽ കേസിലെ സാക്ഷികളായ രണ്ട് ഫൊറൻസിക് വിദഗ്ധരെ വിസ്തരിക്കുന്നതിന് മുൻപെ അഭിഭാഷകന് താനുമായി ചർച്ച നടത്താൻ കഴിഞ്ഞിരുന്നില്ല. ഇത് വിസ്താരത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാൽ വീണ്ടും വിസ്താരം വേണമെന്നായിരുന്നു സുനിൽകുമാറിന്റെ വാദം.
അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
Post Your Comments