കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണം നടത്തിയത്. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.
Read Also: മധ്യ-തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: അതീവ ജാഗ്രതാ നിര്‍ദേശം
അതേസമയം റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് നിലവില്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാസഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പിപി ദിവ്യയാണ് പ്രതിസ്ഥാനത്ത്. ഉന്നത സ്ഥാനീയരാണ് രണ്ട് പേരുമെന്നതാണ് കേസ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയത്. നിലവില്‍ കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ പൊലീസ് എസ്എച്ച്ഒമാരായ ശ്രീജിത്ത് കോടേരി, സനല്‍ കുമാര്‍, എസ്‌ഐമാരായ നവ്യ സജി, രേഷ്മ, സൈബര്‍ സെല്‍ എഎസ്‌ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.
Post Your Comments