ദോഹ : സൗദി സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു മാസം പിന്നിട്ടിട്ടും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതല്ലാതെ പ്രശ്‌നപരിഹാരം ഇപ്പോഴും അകലെത്തന്നെ. സൗദി സഖ്യരാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച 13 ഉപാധികള്‍ ഖത്തര്‍ നേരത്തെ തള്ളിയിരുന്നു. ഇതോടെ ഖത്തറിന് നേരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് സൗദി അറിയിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഉപാധികള്‍ക്ക് എതിരെ ഖത്തര്‍ കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ 13 ഉപാധികള്‍ക്ക് പകരം ഒരു പൊതുകരാറിന് നീക്കമെന്നാണ് സൂചന. ഇതിനിടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റിന്റെ മധ്യസ്ഥതയില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായി. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കുവൈറ്റിലെത്തി. ഇതിനിടെ ഖത്തറിനെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സൗദി സഖ്യ രാജ്യങ്ങള്‍ അറിയിച്ചു.
ഉപാധികള്‍ പാലിക്കാന്‍ ഖത്തര്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഖത്തറിനെതിരെ രാഷ്ട്രീയ-സാമ്പത്തിക-നിയമ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി സഖ്യരാജ്യങ്ങള്‍ വ്യാഴാഴ്ച രാത്രി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. നയതന്ത്ര-സാമ്പത്തിക ഉപരോധത്തിന് പുറമെ ഖത്തറിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിയമ നടപടികളിലേക്ക് കൂടി കടക്കുമെന്ന മുന്നറിയിപ്പാണ് പ്രസ്താവനയിലുള്ളത്. ഇതിനു പിന്നാലെയാണ് ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സനും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും കുവൈറ്റിലെത്തിയത്. സൗദി സഖ്യ രാജ്യങ്ങളുടെ കെയ്‌റോ സമ്മേളനത്തിന് ശേഷം അനിശ്ചിതത്വത്തിലായ അനുരഞ്ജന ചര്‍ച്ചകള്‍ ജി.സി.സി രാജ്യങ്ങളുടെ മാത്രം മധ്യസ്ഥതയില്‍ പരിഹരിക്കാനാവില്ലെന്ന സൂചനയെ തുടര്‍ന്നാണ് കുവൈറ്റിന്റെ മധ്യസ്ഥതയില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നേരിട്ടുള്ള ഇടപെടലിലൂടെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം നടക്കുന്നത്.
മേഖലയുടെ ഐക്യത്തിനും സുരക്ഷിതത്വത്തിനും കുവൈറ്റിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചകള്‍ എല്ലാ അംഗങ്ങളും അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്ത ബോറിസ് ജോണ്‍സണ്‍ സമാധാന ശ്രമങ്ങള്‍ക്ക് ബ്രിട്ടന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു. ഖത്തറിനോട് മൃദുസമീപനം പുലര്‍ത്തുന്ന കുവൈറ്റിന്റെ മധ്യസ്ഥതയില്‍ വേണ്ടത്ര തൃപ്തിയില്ലാത്ത സൗദി സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും ഇടപെടല്‍ വഴി കാര്യങ്ങള്‍ കുറേകൂടി തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാമെന്ന പ്രതീക്ഷയുമുണ്ട്. അതേസമയം നേരത്തെ മുന്നോട്ട് വെച്ച പതിമൂന്ന് ഉപാധികള്‍ക്ക് പകരം മേഖലയിലെ തീവ്രവാദം തടയുന്നതിന് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഒരു പൊതുകരാര്‍ ഉണ്ടാക്കി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദേശമായിരിക്കും ഇനി ഉണ്ടാവുകയെന്നാണ് സൂചന. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തി ഖത്തറുമായുള്ള സുരക്ഷാ പങ്കാളിത്തം ശക്തമാക്കാന്‍ തീരുമാനിച്ചു.
Post Your Comments