Latest NewsIndia

വെള്ളച്ചാട്ടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത സംഘം കണ്ടെത്തിയത്

മുംബൈ : മുംബൈയിലെ ഒരു വെള്ളച്ചാട്ടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത സംഘം കണ്ടെത്തിയത് 2.5 ടണ്‍ മദ്യക്കുപ്പികളാണ്. ‘എന്‍വയോണ്‍മെന്റ് ലൈഫ്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു അഷാനെ ഗ്രാമത്തിലെ ഭീവ്പുരി വെള്ളച്ചാട്ടം അടക്കം മേഖലയിലെ എട്ട് വെള്ളച്ചാട്ടങ്ങള്‍ ശുചീകരിച്ചത്. സന്ദര്‍ശകര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമെല്ലാം ഗ്രാമത്തിന്റെ പാരിസ്ഥിതിക ഘടനയെ വല്ലാതെ ബാധിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. കുപ്പിച്ചില്ലുകള്‍ തറച്ച് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുന്നത് പതിവായിരുന്നു. പ്ലാസ്റ്റിക് ഭക്ഷണമാക്കുന്ന മൃഗങ്ങള്‍ ചാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവിടെ ശുചീകരിക്കാന്‍ സന്നദ്ധ സംഘടന രംഗത്തെത്തിയത്.

മദ്യക്കുപ്പികള്‍ മാത്രമല്ല, പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണ പാക്കറ്റുകള്‍, സ്‌ട്രോകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍, സ്പൂണുകള്‍ തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ ഇവിടെ നിക്ഷേപിക്കുന്നു. ഇത് കുന്നുകൂടി പ്രദേശം ആകെ വലിയ നാശത്തിലേയ്ക്കാണ് നീങ്ങുന്നത്. ഈ വിനോദസഞ്ചാര മേഖലകളിലെ മദ്യപാനം പൂര്‍ണമായും നിരോധിക്കണമെന്നും മലിനമാക്കുന്നതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സംഘടന അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ ധര്‍മേഷ് ബരായി പറഞ്ഞു.

ഭീവ്പുരി വെള്ളച്ചാട്ടത്തില്‍നിന്ന് ചില്ലുകൊണ്ടുള്ള മദ്യക്കുപ്പികള്‍ ശേഖരിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. വലിയ 120 സഞ്ചികളിലായാണ് മദ്യക്കുപ്പികള്‍ ശേഖരിച്ചത്. ഇവയെല്ലാം കൂടി 2,500 കിലോഗ്രാമിലധികമുണ്ടായിരുന്നു. എന്നാല്‍ വെള്ളച്ചാട്ടത്തില്‍ മൊത്തമുള്ള മാലിന്യത്തിന്റെ 10 ശതമാനം മാത്രമേ ഇതുവരെ ശേഖരിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്ന് ധര്‍മേഷ് ബരായി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button