കൊച്ചി: രാജ്യത്ത് ശനിയാഴ്ച മുതല്‍ ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ പല മേഖലകളിലും വില വിവരപ്പട്ടികയില്‍ മാറ്റമുണ്ടായി. ചിലതിന് വില കുത്തനെ കുറഞ്ഞപ്പോള്‍ മറ്റു ചിലവയ്ക്ക് കൂടി. ജി.എസ്.ടി നടപ്പാക്കിയതോടെ വാഹനവിപണിയില്‍ വരുംദിവസങ്ങളില്‍ വിലകുറയും. പുതുക്കിയ വില കിട്ടാത്തതിനാല്‍ ജിഎസ്ടി നിലവില്‍ വന്ന ജൂലൈ ഒന്നിന് മിക്ക വാഹന ഡീലര്‍മാരും വില്‍പന നടത്തിയില്ല. വിലകുറയുമെന്ന ഉറപ്പ് വാഹന നിര്‍മാതാക്കളില്‍ നിന്ന് ലഭിച്ചതോടെ പുതിയ വിലവിവരപ്പട്ടിക കിട്ടിയതിനുശേഷം വില്‍പന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. മാരുതി ഇന്നലെ മൂന്ന് ശതമാനത്തോളം വിലക്കുറവ് പ്രഖ്യാപിച്ചെങ്കിലും ഇടപാടുകള്‍ നടന്നില്ല.
നാളെയോ മറ്റന്നാളോ പുതിയ വിലവിവരപ്പട്ടിക ലഭിക്കുമെന്നാണ് മഹീന്ദ്ര ഡീലര്‍മാരും പ്രതീക്ഷിക്കുന്നത്. ഇരുചക്രവാഹനവിപണിയിലും നാളെമുതല്‍ വിലകുറയും. ഹോണ്ട 4700 രൂപവരെ വിലക്കുറവ് പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണുകളുടെ നികുതി കൂടിയെങ്കിലും പുതിയ സ്റ്റോക് വരുമ്പോള്‍ മാത്രമേ വിലവ്യത്യാസം അറിയാന്‍ സാധിക്കൂ.
അതേസമയം, ടി.വി, ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍, എസി എന്നിവയ്ക്ക് ചില ഡീലര്‍മാര്‍ ജൂലൈ ഒന്നിനു തന്നെ 1500 രൂപവരെ വര്‍ധിപ്പിച്ചു. എന്നാല്‍, മിക്ക ഡീലര്‍മാരും പുതിയ സ്റ്റോക് എത്തുന്നതനുസരിച്ച് വിലവ്യത്യാസം വരുത്താം എന്ന തീരുമാനത്തിലാണ്. ബുധനാഴ്ചയോടെ പ്രമുഖ ഗൃഹോപകരണനിര്‍മാതാക്കള്‍ പുതിയവിലയ്ക്ക് ബില്ല് ചെയ്ത് തുടങ്ങും.
കാര്‍ വില കുറയുന്നു
മാരുതി സുസുകി വിവിധ മോഡലുകള്‍ക്ക് 2300 രൂപ മുതല്‍ 23400 രൂപ വരെ വില കുറച്ചു. സങ്കര ഇന്ധന സാങ്കേതിക വിദ്യയായ മൈക്രോ ഹൈബ്രിഡ് സംവിധാനത്തിനു നികുതി ആനുകൂല്യം പിന്‍വലിച്ചതിനാല്‍ സിയാസ് ഡീസല്‍, എര്‍ട്ടിഗ ഡീസല്‍ എന്നിവയ്ക്ക് ഒരു ലക്ഷത്തിലേറെ രൂപ വില ഉയരും. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡ് ആയ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) എല്ലാ മോഡലുകള്‍ക്കും ഏഴു ശതമാനം വരെ വില കുറച്ചു. ബിഎംഡബ്ല്യു കാറുകളുടെ വില 70,000 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ കുറയും. ഐ8 ഹൈബ്രിഡ് കാറിനുമാത്രം വന്‍ വില വര്‍ധനയുണ്ട്. ടൊയോട്ട വിവിധ മോഡലുകള്‍ക്ക് 10,500 രൂപ മുതല്‍ 2.17 ലക്ഷം രൂപ വരെ വില കുറച്ചു. കാംറി, പ്രയസ് ഹൈബ്രിഡ് മോഡലുകള്‍ക്കു വില ഗണ്യമായി കൂടും. ഔഡി കാറുകളുടെ വില മൂന്നു മുതല്‍ ഒന്‍പതു ശതമാനം വരെ കുറച്ചു.
Post Your Comments