കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായ കെ.എം മാണി കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപൊലീത്തയെ ആദരിക്കലായിരുന്നു ചടങ്ങ് എങ്കിലും ചടങ്ങിന്റെ രീതി തികച്ചും രാഷ്ട്രീയമായി കണക്കാക്കാം. മാണിക്ക് നല്‍കിയ താമരപ്പൂ ബൊക്കയും, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും, ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെയും നടുവിലെ ഇരിപ്പിടവുമെല്ലാം ഒരു പ്രത്യേക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല കെ.എം മാണിയുടെ പ്രസംഗ വേളയിലെ പല പരാമര്‍ശങ്ങളും രാഷ്ട്രീയ നിരീക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കെ.എം മാണി ആര്‍ക്ക് വോട്ട് ചെയ്യും എന്നതും ഇനി മുന്നോട്ടുള്ള രാഷ്ട്രീയത്തിന് വഴിമരുന്നിടും എന്നത് തീര്‍ച്ച.
ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആയിരുന്നു ഉദ്ഘാടകന്‍. 5 മണിക്കായിരുന്നു ഉദ്ഘാടന ചടങ്ങ് എങ്കിലും മണിക്കൂറുകളോളം മാണിയെ കാത്തിരുന്നു. ശേഷം വേദിയിലെത്തിയ മാണിയെ കുമ്മനം സ്വീകരിച്ചതാകട്ടെ താമരപ്പൂക്കള്‍ കൊണ്ട് പ്രത്യേകം നിര്‍മിച്ച ബൊക്ക കൊണ്ടാണ്. റോസാപൂക്കള്‍ കൊണ്ടുള്ള ബൊക്കയാണ് സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും, മാണിക്ക് താമരപ്പൂക്കള്‍ കൊണ്ടുള്ളത് നല്‍കിയത് ഒരു പ്രത്യേക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. കെ.എം മാണി തന്റെ പ്രസംഗത്തിനിടയില്‍ ഇതിനെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. സാധാരണയായി റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കയാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും, താമരപ്പൂക്കള്‍ ഇത് ആദ്യമാണെന്നും മാണി തന്നെ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
മാത്രമല്ല ചടങ്ങിനിടയില്‍ കുമ്മനം രാജശേഖരനും, എ.എന്‍ രാധാകൃഷ്ണനുമായി കെ.എം മാണി നടത്തിയ രഹസ്യ സംഭാഷണം ചടങ്ങിന് കൗതുകമായെങ്കിലും, ആ സംഭാഷണത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ ചുവടുമാറ്റം ഒളിഞ്ഞിരിപ്പുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. യു.ഡി.എഫ് വിട്ട കെ.എം മാണി എന്‍.ഡി.എയിലേക്ക് എത്തുമെന്ന് പല തവണ വാര്‍ത്തകള്‍ വന്നിരുന്നു, മാത്രമല്ല എന്‍.ഡി.എ സഖ്യകക്ഷിയാകാന്‍ ബി.ജെ.പി ക്ഷണിച്ചതായും വാര്‍ത്തകള്‍ വന്നു. ഈ വിഷയം യു.ഡി.എഫിലും മറ്റും സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് ബി.ജെ.പി ചടങ്ങില്‍ മാണി പങ്കെടുത്തതും, മറ്റ് സംഭവ വികാസങ്ങളുമെല്ലാം. മാത്രമല്ല ബി.ജെ.പി സംഘടിപ്പിച്ച ഈ ചടങ്ങില്‍ മാണിയുടെ സാന്നിദ്ധ്യം തികച്ചും അപ്രതീക്ഷിതമായാണ് സൂക്ഷിച്ചിരുന്നത്.
Post Your Comments