KeralaLatest NewsNews

ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്‌ക്കെതിരെ കൊച്ചി മെട്രോ അധികൃതർ

കൊച്ചി: ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോ അധികൃതര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്രയ്ക്കെതിരെയാണ് കൊച്ചി മെട്രോ അധികൃതര്‍ രംഗത്തെത്തിയത്. ജനകീയ യാത്രയുടെ സംഘാടകരോട് മെട്രോ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു കാണിച്ച്‌ വിശദീകരണം ചോദിക്കും. മാത്രമല്ല നിയമ ലംഘനത്തിന് നടപടിയുമുണ്ടാകും.

ജനകീയ യാത്ര യു.ഡി.എഫിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ സംഘടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫ്. നേതാക്കളെയും അവഗണിച്ചെന്നാരോപിച്ചാണ് യാത്ര സംഘടിപ്പിച്ചത്. മെട്രോയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പെരുമാറ്റമാണ് യാത്രയിലുണ്ടായതെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറയുന്നു.

സ്റ്റേഷനിലെയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി കൈക്കൊള്ളുക. പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം മുഴക്കി. ട്രെയിനിലും പരിസരത്തും പ്രകടനം നടത്തുന്നതെല്ലാം മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മെട്രോ നയം അനുസരിച്ച്‌ ആയിരം രൂപ പിഴയും ആറു മാസം വരെ തടവുമാണ് ഇതിനുള്ള ശിക്ഷ.

കൂടാതെ മറ്റു യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്. ജനകീയ യാത്രയില്‍ പങ്കെടുത്തവര്‍ മൂലം മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതായാണ് പരാതി. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് 500 രൂപയാണ് പിഴ.

പ്രവര്‍ത്തകര്‍ പുറത്തിറങ്ങാന്‍ തിരക്കുകൂട്ടിയതു മൂലം പാലാരിവട്ടം സ്റ്റേഷനിലെ എ.എഫ്.സി. (ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍) ഗേറ്റുകള്‍ പൂര്‍ണമായി തുറന്നിടേണ്ടി വന്നു. സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടിയായാണ് മെട്രോ നയത്തില്‍ ഇതിനെ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button