ദോഹ : മെട്രോ സ്റ്റേഷനുകളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കി ഖത്തര്‍ റെയില്‍. ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലെ വിവിധ സ്റ്റേഷനുകളില്‍ റീട്ടെയില്‍ ഷോപ്പുകള്‍ സ്വന്തമാക്കുന്നതിനായുള്ള രജിസ്‌ട്രേഷനാണ് ക്ഷണിച്ചത്. ഭക്ഷ്യ വസ്തുക്കള്‍, ജനറല്‍ റീട്ടെയില്‍, എടിഎം സര്‍വീസ് തുടങ്ങി വിഭാഗങ്ങളിലാണ് വ്യാപാരത്തിന് അവസരം.
സര്‍വീസ് വിഭാഗത്തില്‍ ബാങ്ക്, എടിഎം, വെന്‍ഡിങ് മെഷീന്‍, മണി എക്‌സ്‌ചേഞ്ച്, ടെലികോം സര്‍വീസ്, ഫാര്‍മസി, കൊറിയര്‍ സര്‍വീസ്, എന്നിവയും ജനറല്‍ റീട്ടെയില്‍ വിഭാഗത്തില്‍ ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, ലോണ്‍ഡ്രി, ഗിഫ്റ്റ് ഷോപ്പുകള്‍, ബുക്ക് സ്റ്റാളുകള്‍, സ്‌പോര്‍സ് മെറ്റീരിയല്‍സ് എന്നിവയും ഭക്ഷ്യ പാനീയ വസ്തുക്കളുടെ വിഭാഗത്തില്‍ കഫേ, ജ്യൂസ് ബാര്‍, ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് എന്നിവയ്ക്കുമാണ് അനുമതി.
ഗോള്‍ഡ് ലൈനില്‍ റാസ് അബൂ അബൌദ് മുതല്‍ അസീസിയ വരെയുള്ള പത്ത് സ്റ്റേഷനുകളില്‍ 55 റീട്ടെയില്‍ യൂണിറ്റുകള്‍, 33 എടിഎം മെഷീനുകള്‍, ഗ്രീന്‍ ലൈനില്‍ അല്‍ റിഫ സ്റ്റേഷനില്‍ എട്ട് റീട്ടെയില്‍ കിയോസ്‌കുകള്‍, രണ്ട് എടിഎം മെഷീനുകള്‍, റെഡ് ലൈനില്‍ കത്താറ മുതല്‍ ലുസൈല്‍ വരെയും ഹമദ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെയും അഞ്ച് സ്റ്റേഷനുകളിലെ 19 റീട്ടെയില്‍ യൂണിറ്റുകള്‍, പതിനൊന്ന് എടിഎം ലൊക്കേഷനുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയ റെഡ് ലൈനിലെ പതിമൂന്ന് സ്റ്റേഷനുകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മൂന്ന് ലൈനുകളിലെ മൂന്ന് സ്റ്റേഷനുകളിലായി ആകെ 9200 ചതുരശ്രമീറ്റര്‍ സ്ഥലമാണ് വ്യാപാരാവശ്യത്തിനായി നല്‍കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 29 ആണ്. രജിസ്‌ട്രേഷന്‍ അവസാനിച്ചാല്‍ ലഭിച്ച അപേക്ഷകള്‍ വിശദമായി പരിശോധിക്കും. അപേക്ഷിക്കേണ്ട വിധവും കൂടുതല്‍ വിവരങ്ങളും www.retail.qr.com.qa എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Post Your Comments