Latest NewsIndia

സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോസ്റ്റോഫീസ് എടിഎം

ന്യൂഡല്‍ഹി : സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോസ്റ്റോഫീസ് എടിഎം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു പോസ്റ്റ് ഓഫിസുകളില്‍ എ ടി എം കൗണ്ടറുകള്‍ ആരംഭിക്കുന്നത്. അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും തുടങ്ങി എല്ലാ സേവനവും പോസ്റ്റ് ഓഫീസില്‍ എ ടി എമ്മിലൂടെ ജനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഇല്ലാതെ ലഭ്യമാക്കുന്നു. സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സേവിംഗ്‌സ് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എ ടി എം ഉപയോഗം എന്നിങ്ങനെ ഇടപാടുകാരെ സന്തോഷിപ്പിക്കുന്ന സേവനങ്ങളുമായാണ് ഇന്ത്യന്‍ പോസറ്റല്‍ സര്‍വ്വീസിന്റെ വരവ്.

രാജ്യത്തെ ഭൂരിഭാഗം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എ ടി എം പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇതിന്റെ സേവനം ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും 2017 മാര്‍ച്ച് അവസാനത്തോടെ പോസ്റ്റല്‍ വകുപ്പിന്റെ എ ടി എം മെഷീന്‍ സ്ഥാപിച്ചു കഴിയും. ബാങ്ക് അക്കൗണ്ട് പോലെ പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും സാധിക്കും. പോസ്റ്റോഫീസ് അക്കൗണ്ടിലൂടെ ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്. പോസ്റ്റ് ഓഫീസില്‍ എ ടി എം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താം. അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം എ ടി എം കാര്‍ഡിനുള്ള പ്രത്യേക അപേക്ഷ ഫോറവും പോസ്റ്റ് ഓഫീസ് വഴി ലഭിക്കും.

ഒരു ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഉപയോഗിച്ച് അടുത്തുള്ള പോസ്റ്റോഫീസില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാമ്ബത്തിക വര്‍ഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്‌സ് ഫ്രീയും ലഭിക്കുന്നതാണ്. മറ്റ് ബാങ്കുകളില്‍ 1000, 500 രൂപ മിനിമം ബാലന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ വെറും 50 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഇത് പോസ്റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ വലിയൊരു പ്രത്യേകതയാണ്. ചെക്ക് ബുക്ക് ആവശ്യമുള്ളവര്‍ ഇതിനായി 500 രൂപ അക്കൗണ്ടില്‍ നിലനിര്‍ത്തണം. മൂന്നു വര്‍ഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് നടത്തിയില്ലെങ്കില്‍ അക്കൗണ്ട് സേവനം തടസപ്പെടുന്നതാണ്. നിശ്ചിത തുക നിക്ഷേപിച്ചു പോസ്റ്റ് ഓഫിസില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാല്‍ ഒരു ദിവസത്തിനകം എ ടി എം കാര്‍ഡ് ലഭിക്കും. വീസ, റുപ്പേ ഡെബിറ്റ് കാര്‍ഡാണ് പോസ്റ്റ് ഓഫീസില്‍ നിന്നു ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് എ ടി എമ്മുകള്‍ക്ക് പുറമെ ഏതു എ ടി എമ്മിലും ഈ കാര്‍ഡ് സൗജന്യമായി ഉപയോഗിക്കാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button