ന്യൂഡല്‍ഹി: ലോകത്തെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്‍പന്തിയിലാണ് ഇന്ത്യ. ഇനി മുതല്‍ ഇന്ത്യന്‍ സൈനികര്‍ക്കായി സാങ്കേതിക സംവിധാനങ്ങള്‍ കൂടുതലുള്ള റഡാറുകളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഒളിച്ചിരിക്കുന്ന ഭീകരനെ കണ്ടുപിടിച്ച് വകവരുത്താനാണ് ഇത്തരം സംവിധാനം ഉപയോഗിയ്ക്കുന്നത്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ അകത്തുകയറാതെ തന്നെ സുരക്ഷിതമായി കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനമാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്നത്.
അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് റഡാറുകള്‍ എത്തിക്കുക. സേനയ്ക്കായി എത്തിച്ച റഡാറുകളില്‍ ചിലത് സൈനിക കശ്മീരിലെ ഭീകര വിരുദ്ധ നടപടികള്‍ക്കായി ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ ആള്‍നാശം കുറച്ച് ഭീകരരെ പരമാവധി തകര്ക്കാനുതകുന്നവയാണ് ഈ ഉപകരണങ്ങള്‍.
വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാര്‍. ഇത് പ്രധാനമായും വിമാനം, കപ്പല്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിനാണ് ഉപയോഗിച്ചു വരുന്നത്. സൈനികാവശ്യങ്ങള്‍ക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാര്‍.
റഡാര്‍ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ് വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നത്.
മൈക്രോ വേവ് തരംഗങ്ങളനുസരിച്ചാണ് ഈ റഡാറുകള്‍ പ്രവര്‍ത്തിക്കുക. കോണ്‍ക്രീറ്റ് നിര്‍മിതമായ ഭിത്തിക്ക് അപ്പുറം നില്‍ക്കുന്നവരെപ്പോലും കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത.
2008ലെ മുംബൈ ഭീകരാക്രമണവും അതിനു ശേഷം തുടര്‍ച്ചയായി ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത സൈന്യത്തിന് ബോധ്യപ്പെട്ടത്.
കഴിഞ്ഞവര്‍ഷം ബൂര്‍ഹാന്‍ വാണിയെ വധിച്ച സംഭവത്തിലും സൈന്യത്തിന് നിരവധി തവണ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം ഇയാള്‍ ഒളിച്ചിരുന്ന വീട്ടില്‍ മുന്നുതവണ സൈന്യം പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഇവരുടെ സ്ഥാനം മനസിലാക്കി തിരിച്ചടിച്ചാണ് ബുര്‍ഹാന്‍ വാണിയെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചത്. റഡാര്‍ സൗകര്യം ഉണ്ടായിരുന്നെങ്കില്‍ സൈനിക നീക്കം വളരെ ഫലപ്രദമാകുമായിരുന്നു.
ഇതിനെതുടര്‍ന്നാണ് റഡാറുകള്‍ ഇറക്കുമതി ചെയ്യാന്‍ സൈന്യം തീരുമാനിച്ചത്. രണ്ടുകോടി രൂപയാണ് ഇവയുടെ വില. എന്നാല്‍ ഡിആര്‍ഡിഒ ഇത്തരം റഡാര്‍ വികസിപ്പിക്കുന്നതിന്റെ ആന്തിമ ഘട്ടത്തിലാണ്.
തയ്യാറാക്കിയ റഡാറിന് ‘ദിവ്യ ചക്ഷു’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ ഇറക്കുമതി ചെയ്യുന്നവയ്ക്ക് പകരം ഇവയെ സൈന്യത്തിന്റെ ഭാഗമാക്കും.
ട്രൈപ്പോഡില്‍ ഉപയോഗിക്കുന്നതും കൈയില്‍ കൊണ്ടുനടക്കാവുന്നവയുമാണ് ഡിആര്‍ഡിഓ വികസിപ്പിച്ചത്. 20 മുതല്‍ 40 മീറ്റര്‍ വരെയാണ് ഇവയുടെ പരിധി. ഇന്ത്യയില്‍ നിര്മിക്കുന്നതിലാല് 35 ലക്ഷം മാത്രമായിരിക്കും ഇവയുടെ വില.
Post Your Comments