തിരുവനന്തപുരം•മോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ 10 മണിക്കൂര്‍ പരിശോധനയില്‍ 197 ഓളം പേര്‍ പിടിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച നടന്ന പരിശോധനയില്‍ നിരവധി പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകളും സസ്പെന്‍ഡ് ചെയ്തു. പരിശോധനയില്‍ 1.7 ലക്ഷം രൂപ വകുപ്പ് പിഴയായി ഈടാക്കി. 500 രൂപ മുതല്‍ 2000 രൂപ വരെയാണ് വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഈടാക്കിയത്.
ലൈസന്‍സ് പെര്‍മിറ്റ് ഇല്ലാതെ 26 കേസുകളും, ഹെല്‍മെറ്റ് ധരിക്കാത്തതിന് 31 കേസുകളും പ്രത്യേക പരിശോധനയ്ക്കിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വാഹനത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് 20 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജില്ലയുടെ ഗ്രാമീണ മേഖലകളില്‍, പ്രത്യേകിച്ചും ആറ്റിങ്ങല്‍, നെടുമങ്ങാട് മുതലായ സ്ഥലങ്ങളില്‍ നിന്നാണ് ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്ന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിയമവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റം വരുത്തിയ കേസുകള്‍ കൂടുതലായും നഗരത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.കെ അശോകന്‍, ആര്‍.ടി.ഓ (എന്‍ഫോഴ്സ്മെന്റ്) പി.എം ഷാജി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അഞ്ച് പേരും, മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളും പിടിയിലായി. ഇവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവരെ വാദം കേള്‍ക്കുന്നതിനായി വിളിപ്പിക്കും. കൂടാതെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഷാജി പറഞ്ഞു.
വരുന്ന ആഴ്ചകളില്‍ മറ്റു ജില്ലകളിലേക്കും പ്രത്യേക പരിശോധന വ്യാപിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.
Post Your Comments