ന്യൂഡൽഹി: ഐഎസ് ഭീകരർ മൂന്നുവർഷം മുമ്പ് ഇറാഖിൽ ബന്ദികളാക്കിയ 39 ഇന്ത്യക്കാരും മൊസൂളിൽ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിവരങ്ങൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ അറിയിച്ചു. മൊസൂളിന്റെ 90 ശതമാനം ഭാഗങ്ങളും ഐഎസിൽനിന്നും ഇറാഖി സേന തിരിച്ചുപിടിച്ചെങ്കിലും ഇന്ത്യക്കാരായ ബന്ദികളെ കണ്ടെത്താനായില്ല.
കേന്ദ്രസർക്കാർ ഇറാഖിൽ ബന്ദികളായവരെ കണ്ടെത്തുന്നത് സംബന്ധിച്ച് ഇതുവരെ മൗനം പാലിക്കുകയായിരുന്നു. ബന്ദികളുടെ മോചനം സംബന്ധിച്ച് ബന്ധുക്കൾ ഇതിനകം പതിനൊന്നു തവണ കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയിരുന്നു.
2014 ജൂൺ 14 നാണ് ഐഎസ് ഭീകരർ ഇന്ത്യക്കാരായ 39 പേരെ തട്ടിക്കൊണ്ടുപോയത്. തുർക്കി ഉടമസ്‌ഥതയിൽ മൊസൂളിൽ പ്രവർത്തിച്ചു വന്ന നിർമാണ കമ്പനിയിൽ നിന്ന് ബഗ്‌ദാദിലേക്ക് പോകുന്നതിനിടെയാണ് 2014 ജൂൺ 11 ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. പഞ്ചാബ്, ബംഗാൾ സ്വദേശികളാണ് ഇവരിൽ ഭൂരിപക്ഷവും.
Post Your Comments