പാലക്കാട്: ചരക്കുസേവനനികുതി (ജി.എസ്.ടി.) വരുന്നതോടെ കോഴിനികുതി ഇല്ലാതാവുന്നു. പ്രതിവര്‍ഷം 110 കോടിയോളം രൂപയാണ് ഇതുവഴി കേരളത്തിന് നഷ്ടമാവുക. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് കോഴിക്ക് നികുതിയുള്ളത്. ചരക്കുസേവന നികുതിപ്രകാരം രാജ്യത്ത് ഏകീകൃതമായ ഒരു നികുതിസംവിധാനം വരുന്നതോടെയാണ് കോഴിക്കുമേലുള്ള നികുതി ഒഴിവാകുന്നത്.
കേരളത്തിലേക്ക് ഇറച്ചിക്കോഴി കൊണ്ടുവരുമ്പോള്‍ 14.5 ശതമാനമാണ് നികുതി നല്‍കേണ്ടത്. കോഴിക്ക് നികുതിയായി ദിവസം 30 ലക്ഷത്തോളമാണ് കിട്ടുന്നത്. ചരക്കുസേവനനികുതിപ്രകാരം കേരളത്തിന് നഷ്ടമാകുന്ന വരുമാനത്തിനുപകരം കേന്ദ്രവിഹിതമുണ്ട്. എന്നാല്‍, കോഴിക്ക് ഇന്ത്യയില്‍ ഒരിടത്തും നികുതിയില്ലാതാവുന്നതോടെ അത്തരമൊരു വരുമാനം നിലയ്ക്കും. നികുതി ഒഴിവാകുന്നതോടെ ഉപഭോക്താവിനും ഇതിന്റെ പ്രയോജനം കിട്ടും.
നികുതി 14.5 ശതമാനമായത് 2012ലാണ്. എട്ടുശതമാനമായിരുന്നു അതിനുമുന്‍പ്. നികുതിവര്‍ധനയോടെ കേരളത്തിലേക്കുള്ള കോഴിവരവ് വന്‍തോതില്‍ കുറഞ്ഞു. ഇതിനുശേഷം കോഴിവരവ് കൂടും. തിരുപ്പൂര്‍, നാമക്കല്‍, പല്ലടം, പൊള്ളാച്ചി, ഉദുമല്‍പേട്ട തുടങ്ങിയഭാഗങ്ങളില്‍ മുന്‍പ് പ്രവര്‍ത്തനം നിലച്ചുപോയ കോഴിഫാമുകള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
കശാപ്പിനായുള്ള കന്നുകാലിവില്പനയ്ക്ക് നിയന്ത്രണം വരുന്നതോടെ കോഴിയിറച്ചിവില്പന കൂടുമെന്നും വ്യാപാരികള്‍ കണക്കുകൂട്ടുന്നു. നികുതി ഒഴിവാകുന്നത് വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയ്ക്കും.
Post Your Comments