അരീക്കോട്: ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ പ്രതി പോലിസിന്റെ പിടിയിലായി. പുത്തനത്താണി ബാവപ്പടി കക്കാട് വീട്ടില്‍ ഷാഫിയെയാണ് അരീക്കോട് പോലിസ് പിടികൂടിയത്. അരീക്കോട് സൗത്ത് പുത്തലത്തു പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്.
പോലിസിനെ കണ്ട് ഇയാള്‍ പിന്തിരിഞ്ഞോടാന്‍ ശ്രമിച്ചു. ഇതിൽ സംശയം തോന്നിയ പോലിസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് ഇയാളില്‍നിന്നു കഞ്ചാവ് പിടികൂടിയത്.
25 പായ്ക്കറ്റ് കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതി സ്ഥിരമായി ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പന നടത്തുന്നയാളാണെന്ന് അരീക്കോട് എസ്.ഐ കെ. സിനോദ് പറഞ്ഞു. അസിസ്റ്റന്റ് എസ്.ഐ സുബ്രമണ്യന്‍, സി.പി.ഒ രാജേഷ്, ജിഗിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു മഞ്ചേരി കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ പതിനേഴുകാരി ഓടിച്ച ബൈക്കില്‍നിന്ന് ഒന്നര കിലോ കഞ്ചാവ് പോലിസ് പിടികൂടിയിരുന്നു. കുട്ടിയുടെ പിതാവ് ഇപ്പോള്‍ ഒളിവിലാണ്.
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിദ്യാര്‍ഥികളെ വലവീശിപ്പിടിക്കാന്‍ അരീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കിഴുപറമ്പ് പഞ്ചായത്തുകളില്‍ ലഹരി മാഫിയ സജീവമായി രംഗത്തുണ്ട്.
Post Your Comments