ന്യൂ ഡൽഹി : കുംബ്ലെക്ക് വെല്ലുവിളിയായി വീരേന്ദർ സെവാഗ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ സെവാഗിനെ സമീപിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ഐപ്പിഎല്ലിനിടെ സെവാഗിനോട് പുതിയ പരിശീലകനുള്ള അപേക്ഷ സമർപ്പിക്കാൻ ബി.സി.സി.ഐ ജനറല്‍ മാനേജര്‍മാരിലൊരാള്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അനില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുന്നതിനാലാണ് പുതിയ പരിശീലകനുള്ള അപേക്ഷ ബി.സി.സി.ഐ ക്ഷണിച്ചത്. കരാര്‍ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ കുംബ്ലെ ആവശ്യപ്പെടാന്‍ സാധ്യതയുള്ളതിനാൽ കുംബ്ലെക്ക് ഒരു മികച്ച എതിരാളി എന്ന നിലയിലാണ് സെവാഗിനെ ബി.സി.സി.ഐ പരിഗണിക്കുന്നതെന്നും,ഐ.സി.സിയുമായുള്ള ബി.സി.സി.ഐയുടെ തര്‍ക്കത്തില്‍ കുംബ്ല ഇടപെട്ടതാണ് മുന്‍ സ്പിന്‍ ബൗളറോട് ക്രിക്കറ്റ് ബോര്‍ഡിന് അതൃപ്തി തോന്നാന്‍ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പരിശീലകനാകാന്‍ വേണ്ടിയുള്ള അപേക്ഷ അയക്കാൻ ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സെവാഗ് പറഞ്ഞു.
കുംബ്ലെയെയും സെവാഗിനെയും കൂടാതെ രാഹുല്‍ ദ്രാവിഡിനെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ മൂന്നംഗ ക്രിക്കറ്റ് ഉപേദശക സമിതിയാകും പരിശീലകനെ തിരഞ്ഞെടുക്കുക.
Post Your Comments