ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുറത്തു വന്നിരിക്കുന്നത് ഭീകരർ ബന്ദിയാക്കിയ ഫാ. ഉഴുന്നാലിന്റെ മോചന ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ്. കഴിഞ്ഞ ഏപ്രില്‍ 15ന് ചിത്രീകരിച്ച വീഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനു മുൻപ് രണ്ടുതവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഫാ. ടോം ഉഴുന്നാലില്‍ ഒരു വർഷത്തിലേറെയായി ഭീകരരുടെ തടങ്കലിലാണ്. തെക്കൻ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. ഫാ. ടോമിനെ മോചിപ്പിക്കുകയെന്നത് അതീവ പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്ന വിഷയമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സർക്കാർ മോചനം സാധ്യമാക്കാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അധികൃതർ പറയുന്നു.
എന്നാൽ, കേന്ദ്ര സർക്കാർ മോചനവഴികളെക്കുറിച്ചു വ്യക്‌തതയില്ലാത്ത സ്‌ഥിതിയിലാണെന്നാണ് സൂചന. അദ്ദേഹം എവിടെയാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഏതു ഭീകരസംഘടനയാണു തട്ടിക്കൊണ്ടു പോയതെന്നും അറിയില്ല. യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതും സുസ്ഥിരമായ സർക്കാർ അവിടെ ഇല്ലാത്തതുമാണു നടപടികൾ വൈകുന്നതിന്റെ മറ്റു കാരണങ്ങൾ.
Post Your Comments