തിരുവനന്തപുരം: കേരളത്തിലെ സിപിഎം സോണിയാഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കോൺഗ്രസ് മുന്നോട്ടു വരണമെന്നാണ് ബംഗാളിലെയും ത്രിപുരയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആൾക്കാർ പറയുന്നത്. കേരളത്തിലെ സിപിഎം സോണിയ ഗാന്ധി സിന്ദാബാദ് എന്നു വിളിക്കുന്ന കാലം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്നും ആന്റണി പറഞ്ഞു.
ബിജെപിക്ക് എതിരായ ഐക്യനിരയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉയരാൻ പോകുന്നത്. സമരങ്ങളിൽ പങ്കെടുത്തു പ്രസംഗിച്ചാൽ മാത്രം പോര, ജനകീയ സമരങ്ങൾ വിജയിപ്പിക്കണം. തിരിച്ചടികൾ സ്വാഭാവികമാണ്. കോൺഗ്രസ് തിരിച്ചുവരും. നേതാക്കന്മാർ മാത്രമുണ്ടായിട്ടു കാര്യമില്ലെന്നും അണികളും പ്രവർത്തകരും വേണമെന്നും ആന്റണി പറഞ്ഞു.
പൂർണ പരാജയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ. ജനങ്ങളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. സാധാരണക്കാരന്റെ, കൃഷിക്കാരന്റെ, തൊഴിലാളിയുടെ, എല്ലാവരുടെയും ജീവിതം യുഡിഎഫ് ഭരണകാലത്തേക്കാൾ ദുസ്സഹമായി. തീർത്തും നിരാശാജനകമായ ഭരണമാണു നടക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.
ടി.പി. സെൻകുമാർ വിഷയം, കോട്ടയത്തെ കേരള കോൺഗ്രസ് (എം) – സിപിഎം സഖ്യം തുടങ്ങിയ കാര്യങ്ങളിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. പ്രാദേശിക നേതാക്കൾ പ്രതികരിക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments