കൊച്ചി: സമ്മേളനവേദികളിരുന്നു കുത്തികുറിച്ച് ഒടുവിൽ ആ ജലസംരക്ഷണ ഗാനം പിറവിയെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമ്മേളവേദികളിലിരുന്നു കുത്തികുറിക്കുന്നത് എന്താണെന്ന് അടുപ്പക്കാർ പലവട്ടം ചോദിച്ചിട്ടുള്ളതാണ്. ചിരിച്ചൊഴിഞ്ഞതല്ലാതെ കയ്യിലെ കടലാസ് കഷണം ആരെയും അദ്ദേഹം കാണിച്ചിരുന്നില്ല. എന്നാൽ ഇന്നലെ അണികളും ആരാധകരും അത് മനസിലാക്കി. സംസ്ഥാനത്തെ ജല സംരക്ഷണത്തിനായുള്ള ബി.ജെ.പിയുടെ കർമ്മപദ്ധതിയായ ജലസ്വരാജിന്റെ പ്രചാരണത്തിന് വേണ്ടിയുള്ള കവിതയായിരുന്നു അത്. അങ്ങനെ കുമ്മനം വീണ്ടും കവിയായി.
‘അമ്മേ നിൻ മടിയിൽ തല ചായ്ച്ചുറങ്ങാൻ എന്നുമെൻ മനം കൊതിച്ചിരുന്നു, അമ്മയ്ക്കൊരായിരം പൊൻ ദീപ നാളങ്ങൾ എന്നും ജ്വലിപ്പിച്ചു കാത്തിരുന്നു….’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ എം.കെ.അർജുനനാണ്. കലാഭവൻ സാബുവാണ് ആലാപനം. ജലസ്വരാജിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലേയ്ക് കുമ്മനത്തിന്റെ പാട്ടുള്ള സിഡിയെത്തും. നോവലിസ്റ്റ് മോഹനവർമ്മ സിഡി പ്രകാശനം ചെയ്തു.
എൺപതുകളുടെ തുടക്കം വരെ കുമ്മനം കവിതകളെഴുതിയിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. അതെല്ലാം ഒന്നുപോലും നഷ്ടമാകാതെ അദ്ദേഹത്തിന്റെ സഹോദരൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
Post Your Comments