തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സുജിത്ത്. രാജേട്ടന് വിഷമം തോന്നുന്നില്ലെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂഡെയാണ് അദ്ദേഹം കുമ്മനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
രാജേട്ടന് വിഷമം തോന്നുന്നില്ലെ. ഗുവാഹട്ടിയിലെത്തിയപ്പോള്‍ എനിക്ക് ചോദിക്കാതിരിക്കാനായില്ല. എന്തിന്? സംഘടന പറയുന്നത് അനുസരിക്കുകയല്ലെ ചെയ്യേണ്ടത്. ബിജെപി പ്രസിഡണ്ടായതും അങ്ങനെയല്ലെ. പാര്‍ട്ടി പ്രവര്‍ത്തനത്തോട് എനിക്കൊരിക്കലും അറ്റാച്ച്‌മെന്റ് തോന്നിയിട്ടില്ല. രണ്ടര വര്‍ഷം മുന്‍പ് പ്രസിഡണ്ടായി ചുമതലയേറ്റെടുക്കാന്‍ സംഘം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒഴിവാകാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് അന്ന് ചോദിച്ചപ്പോഴും പറഞ്ഞത് ഇങ്ങനെ തന്നെയാണ്- അറ്റാച്ച്‌മെന്റ് തോന്നുന്നില്ല.
രാജേട്ടനെ ഒറ്റക്ക് കിട്ടുമ്പോഴൊക്കെ കുനിഷ്ഠ് ചോദ്യം ചോദിക്കുന്നതും പാര്‍ട്ടിയെ കുറ്റം പറയുന്നതും എന്റെയൊരു ദുശ്ശീലമാണ്. ഇന്നുവരെ ഒരെതിര്‍പ്പോ അസ്വസ്ഥതയോ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ചിരിച്ചു കൊണ്ട് എല്ലാത്തിനും മറുപടിയുണ്ടാകും. വ്യക്തിപരമായ എന്തെങ്കിലും പ്രത്യേക സ്‌നേഹമുള്ളത് കൊണ്ടൊന്നുമല്ല അത്. കേരളത്തിലെ പതിനായിരക്കണക്കിന് സംഘ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അങ്ങനെയാണ്. സംഘടനക്ക് പുറത്തുള്ളവരോടും വിവേചനം കാണിച്ചിട്ടില്ല. വലിപ്പച്ചെറുപ്പ വ്യത്യാസങ്ങള്‍ സ്വാധീനിക്കാറില്ല. വേര്‍തിരിച്ചു കാണാന്‍ പഠിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും. ദല്‍ഹിയില്‍ വരുമ്പോള്‍ ഒരു ഇടനിലക്കാരന്റെയും വീട്ടില്‍ താമസിച്ചിട്ടില്ല. പണച്ചാക്കുകള്‍ ക്യൂ നിന്നിട്ടും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കും വിരുന്നിന് പോയിട്ടില്ല. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ പോലും ഒഴിവാക്കി ജന്മഭൂമി ഓഫീസിന്റെ സുഖസൗകര്യങ്ങളില്‍ മാത്രം അദ്ദേഹം ഒതുങ്ങി. നിവേദനങ്ങളുമായി മന്ത്രി ഓഫീസുകള്‍ കയറിയിറങ്ങി.
ഇന്നലെ ഉച്ചമുതല്‍ രാജേട്ടനൊപ്പമുണ്ട്. ഗവര്‍ണര്‍ പദവിയുടെ സുഖ സൗകര്യങ്ങളും അധികാരങ്ങളും എന്തൊക്കെയെന്ന് ആദ്യ മണിക്കൂറില്‍ത്തന്നെ ബോധ്യപ്പെട്ടു. സുഖമാണ്. ഒന്നിനും ഒരു കുറവുമുണ്ടാകാത്ത രാജകീയ ജീവിതം. സാധാരണ മനുഷ്യര്‍ക്ക് നോ പറയാന്‍ പറ്റാത്ത സൗഭാഗ്യം. എന്നാല്‍ രാജേട്ടനെ ഇതൊന്നും സ്വാധീനിക്കുന്നേയില്ല. പണ്ടും അതങ്ങനെയാണ്. അധികാരം ആസ്വദിക്കാനറിയാത്ത അപൂര്‍വ്വം മനുഷ്യരിലൊരാള്‍. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിനും ശബരിമല അയ്യപ്പനും മുകളില്‍ രാജേട്ടനെ ആഹ്ലാദിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെന്ന് വിശ്വസിക്കുന്നില്ല. തനിക്കൊരു വിഷമവുമില്ലെന്ന് പറഞ്ഞത് വെറുതെയാണ്. അറ്റാച്ച്‌മെന്റ് തോന്നുന്നില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചോര്‍ത്തല്ല അത്. ബ്രേക്കിംഗ് ന്യൂസുകാര്‍ക്ക് വേണമെങ്കില്‍ അങ്ങനെ വിശ്വസിക്കാം. സംഘ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ജീവവായു. ഏറെക്കാലം കേരളത്തിലെ സ്വയം സേവകരെ പിരിഞ്ഞിരിക്കാന്‍ രാജേട്ടന് പറ്റില്ലെന്ന് തന്നെ വിശ്വസിക്കുന്നു… അദ്ദേഹം മടങ്ങിയെത്തും… നമുക്കിടയിലേക്ക് തന്നെ…
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:
Post Your Comments