ഭോപ്പാല്‍: മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെ നേരിടാന്‍ മധ്യപ്രദേശ് മന്ത്രി വധൂവരന്‍മാര്‍ക്ക് നല്‍കിയ സമ്മാനം ബാറ്റ്. മന്ത്രി ഗോപാല്‍ ഭാര്‍ഗവ മധ്യപ്രദേശില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ വിവാഹിതരായ 700ഓളം നവദമ്പതികള്‍ക്കാണ് ബാറ്റ് സമ്മാനിച്ചത്. അദ്ദേഹം മധ്യപ്രദേശിലെ പഞ്ചായത്തീരാജ് മന്ത്രിയാണ്. ഭര്‍ത്താക്കന്‍മാര്‍ മദ്യപിച്ച് ലക്കുകെട്ട് വരികയോ ഉപദ്രവിക്കുകയോ ചെയ്താല്‍ ബാറ്റ് പ്രയോഗിച്ചോളാനാണ് മന്ത്രിയുടെ ഉപദേശം.
മന്ത്രി വധുവരന്‍മാര്‍ക്ക് സമ്മാനമായി നല്‍കിയത് ഉത്തരേന്ത്യയില്‍ വസ്ത്രം കഴുകാന്‍ ഉപയോഗിക്കുന്ന ദോഗ്‌റി എന്ന ബാറ്റാണ്. ‘ഭാര്യയെ തല്ലുന്ന കുടിയന്‍മാര്‍ക്കുള്ള സമ്മാനം പോലീസ് ഇടപെടില്ല’ എന്ന് ബാറ്റിന്റെ പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ അക്ഷയ തൃതീയയോട് അനുബന്ധിച്ച് ഇന്നലെയാണ് സമൂഹ വിവാഹം നടന്നത്. വിവാഹ ചടങ്ങിലേക്ക് എഴുനൂറോളം ബാറ്റുകളുമായി എത്തിയ മന്ത്രിയെ കണ്ട് എല്ലാവരും അത്ഭുതം കൂറിയെങ്കിലും കാര്യമറിഞ്ഞപ്പോള്‍ പലരും പിന്തുണച്ചു.
ഭര്‍ത്താക്കന്മാർ മദ്യപിച്ച ശേഷം മര്‍ദ്ദിക്കുന്നതായി തന്റെ മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നും നിരന്തരം പരാതി ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നവവധുക്കള്‍ക്ക് ബാറ്റ് സമ്മാനിക്കാന്‍ തീരുമാനിച്ചത്. ദോഗ്‌റി എടുത്ത് ഭര്‍ത്താവിനെ അടിക്കട്ടെ എന്ന് പരാതിക്കാരിയായ ഒരു സ്ത്രീ ചോദിച്ചിരുന്നു. അതില്‍ നിന്നുമാണ് ബാറ്റ് സമ്മാനിക്കാനുള്ള ആശയം തനിക്ക് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments