Latest NewsKeralaNews

തിരുവനന്തപുരത്ത് പുതിയ വ്യോമത്താവളം

തിരുവനന്തപുരം: അടിയന്തരഘട്ടത്തില്‍ അന്യരാജ്യത്തെ കപ്പലുകള്‍ കടന്നുപോകുമ്പോള്‍ അവയെ നീരിക്ഷിക്കാനും രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്നവയാണെങ്കില്‍ പ്രതിരോധിക്കാനും തീരസംരക്ഷണസേന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു എയര്‍സ്റ്റേഷന്‍ തുടങ്ങുന്നു. ശംഖുംമുഖത്തുള്ള പഴയ ആഭ്യന്തര ടെര്‍മിനലിലാണ് സേന വ്യോമതാവളം തുടങ്ങുക.

കേരളതീരത്തിനു കൂടുതല്‍ കടല്‍സുരക്ഷ നല്‍കുന്നതിനും കടല്‍ക്കൊള്ളക്കാരെ നിയന്ത്രിക്കുന്നതിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ സുരക്ഷയും ആവശ്യമായി വരും അതിനാലാണ് തിരുവനന്തപുരത്ത് അടിയന്തരമായി തീരദേശസേനയുടെ വ്യോമതാവളം തുടങ്ങുന്നതെന്ന് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിങ് ഓഫീസര്‍ വി.കെ.വര്‍ഗീസ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്ന കപ്പലുകള്‍ ചരക്കുനീക്കത്തിന്റെ മറപിടിച്ചെത്തി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാദ്ധ്യതയുണ്ട്.

ഏതുരത്തിലുള്ള ആക്രമണങ്ങളായാലും അടിയന്തരമായി പരിഹരിക്കുന്നതിന് സേനയ്ക്ക് കപ്പലിനു പുറമേ വിമാനങ്ങളും ആവശ്യമാണ്. ഇതിനായി തൊട്ടടുത്ത് വിമാനങ്ങള്‍ വേണം. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ എയര്‍സ്റ്റേഷന്‍ തുടങ്ങാന്‍ സേന തീരുമാനിച്ചതെന് കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഇരട്ട എന്‍ജിനുകള്‍ ഘടിപ്പിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളുമാണ് എത്തിക്കുക.

കൂടാതെ കടല്‍ വഴി തന്ത്രപ്രധാന മേഖലകളിലേക്ക് ആക്രമണം നടത്താനെത്തുന്ന യുദ്ധക്കപ്പലുകളടക്കമുള്ളവ റഡാറിലോ ഉപഗ്രഹക്യാമറകളിലോ ചിത്രങ്ങള്‍ തെളിയാതിരിക്കാനായി കപ്പലിലെ ഓട്ടോമാറ്റിക് സംവിധാനം ഓഫാക്കും. സംശയാസ്പദമായവയാണെങ്കില്‍ റേഡിയോസന്ദേശം വഴി മുന്നറിയിപ്പും പിന്നീട് ആക്രമിച്ചു കീഴ്പ്പെടുത്തുകയുമാണ് ചെയ്യുക. സേനയുടെ പക്കലുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനമുപയോഗിച്ചാണ് ജലയാനങ്ങളെ കണ്ടുപിടിക്കുക. ഓരോ മിനിറ്റിലും ഇതു നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

നിരവധി വള്ളങ്ങളും ബോട്ടുകളും പലപ്പോഴും അപകടത്തില്‍പ്പെട്ട് മറിഞ്ഞ് മീന്‍പിടിത്ത തൊഴിലാളികളെ കാണാതാകാറുണ്ട്. ഇത്തരം അവസരങ്ങളില്‍ തീരസംരക്ഷണസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും സഹായത്തിനെത്താറുണ്ട്. പലപ്പോഴും കൊച്ചിയില്‍നിന്നാണ് വിമാനങ്ങളെത്തുക. 45 മിനിറ്റെടുക്കും വിഴിഞ്ഞത്തെത്താന്‍. എന്നാല്‍ തിരുവനന്തപുരത്ത് എയര്‍സ്റ്റേഷന്‍ തുടങ്ങുമ്പോള്‍ വിഴിഞ്ഞം പോലുള്ള സ്ഥലത്ത് എത്താന്‍ വെറും അഞ്ചുമിനിറ്റ് മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button