ന്യൂഡൽഹി : കാര്‍ഷിക വരുമാനത്തില്‍ നികുതി എന്ന അഭ്യൂഹങ്ങള്‍ക്ക് ജെയ്റ്റ്ലിയുടെ വിശദീകരണം. കാർഷിക വരുമാനത്തിനു നികുതിയേർപ്പെടുത്താൻ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ഇത്തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ സർക്കാരിന് ഭരണഘടന അനുവാദം നൽകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായി കാർഷിക വരുമാനത്തിനു നികുതിയേർപ്പെടുത്താൻ നിതി ആയോഗ് കേന്ദ്രത്തിനു ശിപാർശ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്തെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും നികുതി സമ്പ്രദായത്തിന് പുറത്താണ്. സർക്കാരിന്റെ ക്രിയാത്മക നടപടികളിലൂടെ വരുമാനം ഇരട്ടിയാകുന്പോൾ കാർഷികമേഖല നികുതി ശൃംഖലയുടെ ഭാഗമാകേണ്ടതുണ്ടെന്ന് ആയോഗ് കരുതുന്നു.
ആയോഗിന്റെ കർമപരിപാടിയിൽ കാർഷിക വരുമാനം ഇരട്ടിയാക്കാനുള്ള നിർദേശങ്ങളുണ്ട്. രാജ്യത്തെ ഗ്രാമീണ മേഖലയെക്കൂടി നികുതിശൃംഖലയുടെ ഭാഗമാക്കാനുള്ള എളുപ്പമാർഗമെന്ന നിലയിലായിരുന്നു നീതി ആയോഗിന്റെ ശിപാർശ. നഗരമേഖലകളിൽ നികുതി ഈടാക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ തന്നെ ഗ്രാമങ്ങളിലും ബാധകമാക്കാമെന്നാണ് ആയോഗിന്റെ പ്രാഥമികാഭിപ്രായം.
Post Your Comments