തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ തുടരുമ്പോൾ ആശ്വാസമായി കെ.എസ്.ആർ.ടി.സി. ഓണക്കാല സർവീസിൽ നേട്ടം കൊയ്തിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെയുള്ള ദിവസങ്ങളിൽ 70.97 കോടി രൂപയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. ഇതിൽ അഞ്ച് ദിവസം ഏഴു കോടിയിലധികം വരുമാനമാണുണ്ടായത്. ശബരിമല കാലത്തെ റെക്കോർഡാണ് ഇതോടെ തകർന്നത്.
ഓണാവധിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച മാത്രം 8.79 കോടി രൂപയാണ് ലഭിച്ചത്. ഇരുപത്തിയാറാം തീയതി 7.88 കോടി രൂപ നേടിയപ്പോൾ ഇരുപത്തിയേഴാം തീയതി 7.58 കോടിയും ഇരുപത്തിയെട്ടാം തീയതി 6.79 കോടിയും സ്വന്തമാക്കി. ഇരുപത്തിയൊമ്പതാം തീയതി 4.39 കോടിയും മുപ്പതിന് 6.40 കോടിയും കെ.എസ്.ആർ.ടി.സി സ്വന്തമാക്കി. മാസവസാനമായ ഓഗസ്റ്റ് 31ന് 7.11 കോടിയായിരുന്നു വരുമാനം. ഓണത്തിരക്ക് ഒഴിഞ്ഞ ശേഷം സെപ്റ്റംബർ ഒന്നിന് 7.79 കോടിയായിരുന്നു വരുമാനം. രണ്ടാം തീയതി 7.29 കോടിയും മൂന്നിന് 6.92 കോടിയുമാണ് പ്രതിദിന വരുമാനം.
2023 ജനുവരി പതിനാറിന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടിയെന്ന റെക്കോർഡ് വരുമാനമാണ് ഇത്തവണ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെൻ്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമാണ് ഓണക്കാലത്തെ റെക്കോർഡ് വരുമാനമെന്ന് സിഎംഡി അറിയിച്ചു. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി സിഎംഡി അറിയിച്ചു.
Post Your Comments